31.7 C
Kottayam
Saturday, May 11, 2024

സുബി സുരേഷിന്‍റെ സംസ്‍കാരം നാളെ ചേരാനല്ലൂരില്‍

Must read

കൊച്ചി:അന്തരിച്ച നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ. കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തിലാണ് സംസ്കാരം. ഇത് സംബന്ധിച്ച് സുബിയുടെ കുടുംബത്തിന്‍റെ തീരുമാനം രമേശ് പിഷാരടി കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പങ്കുവച്ചു.

“പതിനഞ്ചോളം ദിവസമായി ആശുപത്രിയില്‍ ആയിരുന്നതുകൊണ്ട് ഇനി ഇവിടുത്തെ ഔപചാരികതകള്‍ തീര്‍ത്ത് വീട്ടിലേക്ക് എത്തിയാലും സന്ധ്യയാവും. ഇപ്പോഴത്തെ തീരുമാനപ്രകാരം നാളെ രാവിലെ എട്ട് മണിയോടെ ഭൌതികശരീരം വീട്ടില്‍ എത്തിച്ച് അതിനുശേഷം വരാപ്പുഴ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കാനാണ് തീരുമാനം. രണ്ട് മണിയോടെ ചേരാനെല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകും”, രമേശ് പിഷാരടി പറഞ്ഞു.

അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്ന് രാവിലെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സാജന്‍ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെണ്‍സാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവര്‍ പരിപാടി അവതരിപ്പിച്ച് കൈയടി നേടി. 

സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്മയിപ്പിച്ച മിന്നും താരമായിരുന്നു സുബി. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സിനിമാല പരിപാടി ആയിരുന്നു. അക്കാലത്തെ കോമഡി കിംഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു. ബ്രേക്ക് ഡാൻസര്‍ ആകണമെന്നായിരുന്നു കൗമാരക്കാലത്ത് സുബിയുടെ മോഹം. പക്ഷേ, ഒരു നര്‍ത്തകിയുടെ ചുവടുകളെക്കാള്‍ സുബിയുടെ വര്‍ത്തമാനത്തിലെ ചടുലതയാണ് വേദികളില്‍ കൈയടി നേടിയത്. കൃത്യമായ ടൈമിംഗില്‍ കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week