തങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളേജിൽ എത്തിയപ്പോഴാണ് അപര്‍ണ ബാലമുരളിയോട് ലോ കോളജിലെ ഒരു വിദ്യാര്‍ഥി മോശമായി പെരുമാറിയത്. ആരോ സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ വിഷയം വലിയ ചർച്ചയായി.
വിനീത് ശ്രീനിവാസൻ അടക്കമുള്ളവർ പങ്കെടുത്ത പ്രമോഷൻ പരിപാടിക്കിടെ അപർണയ്ക്ക് പൂവ് നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി അവരുടെ കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
നടി അസ്വസ്ഥയാകുകയും എന്താടോ, ലോ കോളജ് അല്ലേ എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപര്‍ണ പിന്നീട് പറഞ്ഞിരുന്നു. വലിയ വിമർശനമാണ് കോളജ് യൂണിയനെതിരെ ഉയർന്നത്. ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് നടിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു.
ഇതിന് പിന്നാലെ കോളജ് യൂണിയൻ ഖേദ പ്രകടനം നടത്തുകയും ചെയ്തു. യുവാവിന്റെ പെരുമാറ്റം അതിരുകടന്നതാണെന്നും അപർണയുടെ പ്രതികരണം കുറഞ്ഞുപോയെന്നും സമൂഹമാധ്യമങ്ങളിൽ അടക്കം അഭിപ്രായമുയര്‍ന്നിരുന്നു.
‘തോളിൽ കയ്യിടാൻ വന്നപ്പോൾ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ട് മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു. അവിടെയുള്ള എല്ലാ വിദ്യാർഥികളും മാപ്പ് പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു.’
‘അതുകൊണ്ടുതന്നെ അവിടെ നിന്ന് വരുമ്പോൾ എനിക്ക് വലിയ പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് തന്നെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിൽ ഞാൻ സന്തോഷവതിയാണ്. കോളജിനേയും ഞാൻ ബഹുമാനിക്കുന്നു’ എന്നാണ് പിന്നീട് അപർണ വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്.
ഇപ്പോഴിത സംഭവവുമായി ബന്ധപ്പെട്ട് നടന്മാരായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.’ ഇത്തരത്തിലുള്ള വീഡിയോകൾ വല്ലപ്പോഴുമാണ് പുറത്തേക്ക് വരുന്നത് എന്നേയുള്ളു. അപർണയോട് ചെയ്തത് വളരെ തെറ്റായ കാര്യം തന്നെയാണ്.’
‘പെർമിഷൻ ഇല്ലാതെ തൊടാൻ പാടില്ല. ഇത് തിരിച്ചും സംഭവിക്കാറുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും ചെയ്യാറുണ്ട്. ആ പയ്യന്റെ അവസ്ഥയിലും ഭീകരതയുണ്ട്. അവനും അച്ഛനും അമ്മയുമൊക്കെ ഉള്ളതാണല്ലോ. തെറ്റ് തന്നെയാണ് ചെയ്തത്. പക്ഷെ ആലോചിക്കുമ്പോൾ ഒരു ഭീകരതയുണ്ടല്ലോ. അവനൊരു ചീത്തകാരനായിട്ട് നിൽക്കുവല്ലേ.’
‘അവനൊരു കുടുംബമോ പെങ്ങളോ ഒക്കെ ഉണ്ടെങ്കിൽ ഏത് രീതിയിൽ അവരെ ഇതൊക്കെ ബാധിക്കുമെന്നത് ചിന്ത വരാറുണ്ട്. നമ്മൾ കുറ്റപ്പെടുത്തി ഇരിക്കുമ്പോൾ അവനെ ഏത് രീതിയിൽ ബാധിക്കുമെന്നത് അറിയില്ലല്ലോ. പക്ഷെ അവൻ ചെയ്തത് നൂറ്റിഅമ്പത് ശതമാനം തെറ്റ് തന്നെയാണ്. പക്ഷെ എന്നാലും അവന്റെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കണ്ടേ.’
‘കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുക്കാൻ മലബാർ സൈഡിൽ ഒരു സ്ഥലത്ത് പോയിരുന്നു. അപ്പോൾ അവിടെയുള്ള ഒരാൾ വന്ന് എനിക്കൊപ്പം ഫോട്ടോ എടുക്കാൻ നിന്നു. അയാൾ മദ്യപിച്ചിട്ടുള്ളതിന്റെ മണം എനിക്ക് വന്നിരുന്നു. പക്ഷെ ഞാൻ എതിർപ്പൊന്നും കാണിച്ചില്ല.’
‘അയാൾ എന്റെ തോളത്ത് കൈയ്യിട്ട് ഫോട്ടോ എടുത്തു. ശേഷം ഞാൻ മുന്നോട്ട് നടന്നപ്പോൾ അയാൾ ഞാൻ വയ്യാത്ത കാലിന് ഊന്ന് കൊടുത്തിരിക്കുന്ന കൈയ്യിൽ പിടിച്ച് വലിച്ചു. കാലിന്റെ ബാലൻസ് പോയി ഞാൻ വീണു. അതിന് എനിക്ക് ദേഷ്യം വരുത്തി.’
‘നിലത്തുനിന്ന് എഴുന്നേറ്റ ശേഷം അയാളോട് ഞാൻ ചൂടായി. ആരെങ്കിലും ഞാൻ ദേഷ്യപ്പെടുന്ന ഭാഗം മാത്രം എടുത്ത് സോഷ്യൽമീഡിയയിൽ ഇട്ടിരുന്നെങ്കിൽ കാര്യം അറിയാതെ ആളുകൾ എന്നെ ചീത്ത വിളിച്ചേനെ. ഇങ്ങനെയൊക്കെയാണ് സോഷ്യൽമീഡിയ’ ബിബിൻ ജോർജ് പറഞ്ഞു.
‘കൈ പൊള്ളിയതിന് ശേഷം എനിക്ക് തന്നെ തൊടുമ്പോൾ വേദനിക്കാറുണ്ട്. ഞാൻ പൊതുപരിപാടിയിൽ പോയി കഴിയുമ്പോൾ ചിലർ ഷേക്ക് ഹാൻഡ് തരാൻ വരുമ്പോൾ മനപൂർവം കൊടുക്കാതിരിക്കും. അവർ പിടിക്കുമ്പോൾ വേദനിക്കുമല്ലോയെന്ന് കരുതി.’
അങ്ങനെ ചെയ്യുമ്പോൾ ഒന്ന് കൈ താടാ എന്നൊക്കെ കാണികൾ പറയും. ആ സമയത്ത് കൈയ്ക്ക് വയ്യെന്ന് ഞാൻ വിശദീകരിക്കും. കാരണം അവർക്ക് അറിയില്ലല്ലോ ഞാൻ ഒരു ദിവസം തന്നെ 250 പേരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നത്. പറഞ്ഞ് പറഞ്ഞ് നമുക്ക് മടുക്കും’ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.