കൊച്ചി:മലയാളികൾക്ക് സുപരിചിതനായ താരമാണ് ദിനേശ് പണിക്കർ. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം. അഭിനേതാവ് എന്നതിലുപരി മലയാളത്തിലെ ശ്രദ്ധേയനായ സിനിമ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. കിരീടം ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെയെല്ലാം നായകനാക്കി ദിനേശ് പണിക്കർ നിർമ്മിച്ചിട്ടുണ്ട്. 2002 ൽ ഇറങ്ങിയ ചിരിക്കുടുക്ക എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിർമ്മിച്ചത്.
ഇപ്പോഴിതാ, ഒരിക്കൽ മോഹൻലാലിന് വേണ്ടി രഞ്ജിത്ത് എഴുതിയ കഥ പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി ചെയ്തതും അത് ഷൂട്ട് ചെയ്ത് തീർക്കാൻ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും പറയുകയാണ് ദിനേശ് പണിക്കർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രജപുത്രൻ എന്ന സിനിമയ്ക്ക് പിന്നിലെ അറിയാ കഥകൾ ദിനേശ് പണിക്കർ പങ്കുവച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
‘തുടക്കത്തിൽ സുരേഷ് ഗോപിക്ക് വേണ്ടിയുള്ള ഒരു ചിത്രത്തിന്റെ കഥ രഞ്ജിത്ത് പറഞ്ഞിരുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നായിരുന്നു ചിത്രത്തിന്റെ പേര്. സുരേഷ് ഗോപിക്ക് ഇഷ്ടപ്പെട്ടു. ആ സമയത്ത് തന്നെ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എംപറർ എന്ന സിനിമ എഴുതാൻ രഞ്ജിത്തിനെ അവർ വിളിച്ചു. അത് പെട്ടെന്ന് എഴുതി തീർത്തിട്ട് വരാമെന്ന് രഞ്ജിത്ത് പറഞ്ഞു. കുഴപ്പമില്ല തീർത്തിട്ട് വരാൻ ഞാൻ പറഞ്ഞു ഞാൻ വിട്ടു,’
‘എന്നാൽ ആ പ്രോജക്ട് രണ്ടും മൂന്നും മാസമായിട്ടും നീങ്ങിയില്ല. അങ്ങനെ എനിക്ക് ടെൻഷനായി തുടങ്ങി. സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ട് അടുത്തടുത്ത് വരുന്നു. രഞ്ജിത്തിനോട് ഇതിനെപറ്റി സംസാരിച്ചു. ഇനി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കഥ എഴുതിവരാൻ സമയമെടുക്കും. മോഹൻലാലിന് വേണ്ടി എഴുതിയ എംപറർ എന്ന സബ്ജക്ട് നിങ്ങളെ കേൾപ്പിക്കാം. സുരേഷ് ഗോപിക്ക് വേണ്ടി ചില മാറ്റങ്ങൾ വരുത്തിയാൽ മതി. മോഹൻലാലിസം മാറ്റിവെച്ച് സുരേഷ് ഗോപിസമാക്കിയാൽ നമുക്ക് ആ ചിത്രം ചെയ്യാമെന്ന് രഞ്ജിത്ത് പറഞ്ഞു,’
‘ആ കഥ കേട്ടപ്പോൾ നല്ല ത്രില്ലുള്ള സബജക്ട്. ഇത് തനി സുരേഷ് ഗോപി ചിത്രമാകുമെന്ന് ഉറപ്പായി. കാരണം അതിൽ സുരേഷ് ഗോപിയുടെ ഗ്ലാമറുണ്ട്, ഡയലോഗ്സ്, ആക്ഷനെല്ലാമുണ്ട്. അങ്ങനെ മോഹൻലാലിന് വേണ്ടി എഴുതിയ കഥയിൽ സുരേഷ് ഗോപി നായകനായി. എംപറർ എന്ന പേര് മാറ്റി ചിത്രത്തിന് രജപുത്രൻ എന്നാക്കി. എണ്ണമറ്റ താരനിരയാണ് ചിത്രത്തിലെത്തിയത്. തിലകൻ ചേട്ടൻ, നരേന്ദ്ര പ്രസാദ്, മുരളി, വിക്രം, നെടുമുടി വേണു, മാമൂക്കോയ അങ്ങനെ കാസ്റ്റിങ് കഴിഞ്ഞപ്പോൾ അന്ന് മലയാള സിനിമയിൽ കത്തി നിന്ന താരങ്ങളെല്ലാം എത്തി,’
’40 മുതൽ 45 ദിവസം വരെയായിരുന്നു ഷൂട്ട് തുടങ്ങിയപ്പോൾ പ്ലാൻ ചെയ്തിരുന്നത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോഴേക്കും കൈവിട്ട് പോയി. കാലാവസ്ഥ ഞങ്ങളെ ചതിച്ചു. എറണാകുളത്ത് എന്ന് ക്യാമറയുമായി പോയാലും അന്ന് മഴ പെയ്യും. ലൊക്കേഷനിൽ പോയാൽ അവിടയും എന്തെങ്കിലും തടസം വരും. അങ്ങനെ 45 ദിവസം പ്ലാൻ ചെയ്ത സിനിമ 65 ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നു. എന്റെ സിനിമാ ജീവിതത്തിൽ കൈ വിട്ടു പോയ ഒരു സിനിമ രജപുത്രനാണ്,’ അദ്ദേഹം പറഞ്ഞു.