ലണ്ടൻ: 45 ദിവസം മാത്രം അധികാരത്തിലിരുന്ന് ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോൾ ഒരു പക്ഷേ എല്ലാവരും ഓർക്കുക ഋഷി സുനാകിനെ ആയിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ഭാഗമായ ഡിബേറ്റുകളിൽ ഋഷി സുനാക് ഉയർത്തിയ നയമാണ് പ്രായോഗികം എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. പണപ്പെരുപ്പ നാളുകളിൽ നികുതിയിളവുകൾ നൽകുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് അന്ന് ഋഷി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വോട്ടർമാരെ ആകർഷിക്കാൻ പ്രായോഗികത ചികഞ്ഞു നോക്കാതെ ലിസ് ട്രസ്സ് നൽകിയ വാഗ്ദാനങ്ങൾ ഒക്കെയും മണ്ടത്തരങ്ങൾ ആയിരുന്നു എന്നാണ് ലിസ് ട്രസിന് ഏറ്റ തിരിച്ചടിയിൽ നിന്ന് മനസ്സിലാകുന്നത്.
മുൻ ധനമന്ത്രി ക്വാസി ക്വാർട്ടെംഗിനെ വാഷിങ്ടൺ സന്ദർശനം പാതിവഴിയെ നിർത്തി തിരക്കിട്ട് ലണ്ടനിലേക്ക് വിളിച്ചുവരുത്തിയാണ് കാര്യം പറഞ്ഞത്. ഡൗണിങ് സ്ട്രീറ്റിൽ എത്തി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പാവത്തിന്റെ പണി തെറിക്കുകയും ചെയ്തു. എന്നാൽ, ഇതിനു മാത്രം തെറ്റ് ക്വാസി ക്വർട്ടെംഗ് ചെയ്തിട്ടുണ്ടോ ? ഇല്ല എന്നാണ് ചില റിപ്പോർട്ടുകൾ വന്നത്. ലിസ് ട്രസ്സിന്റെ അധികാരം നിലനിർത്താൻ ക്വാസിയെ ബലിയാടാക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജിക്കത്തിലും ക്വാസി സൂചിപ്പിച്ചിരിക്കുന്നത് ലിസ് ട്രസ്സ് ആവശ്യപ്പെട്ടതിനാൽ രാജി വയ്ക്കുന്നു എന്നായിരുന്നു.
അമ്പത് വർഷക്കാലത്തിലെ ഏറ്റവും വലിയ നികുതി ഇളവുകൾ അടങ്ങിയ മിനി ബജറ്റ് പ്രഖ്യാപനത്തോടെയായിരുന്നു ബ്രിട്ടനിൽ എല്ലാം താളം തെറ്റാൻ തുടങ്ങിയത്. ഉയർന്ന വരുമാനക്കാർക്കുള്ള വരുമാന നികുതിയിലെ 45 ശതമാനം സ്ലാബ് പിൻവലിച്ചതായിരുന്നു ഭരണകക്ഷിയിൽ നിന്നു പോലും കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തിയത്. ധനികരെ സഹായിക്കുവാനായി പൊതു ഖജനാവിന് നഷ്ടം വരുത്തി വയ്ക്കുന്നു എന്നതായിരുന്നു ആരോപണം. മിനി ബജറ്റോടെ സാമ്പത്തിക രംഗം ആകെ തകർന്നതോടെ പിടിച്ചു നിൽക്കാൻ പറ്റുന്ന വാദഗതികൾ ലിസ് ട്രസ്സിനും നഷ്ടപ്പെട്ടു.
മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി എത്തിയപ്പോൾ ലിസ് ട്രസ്സിന് പ്രഖ്യാപിച്ച പല പദ്ധതികളിൽ നിന്നും പിന്മാറേണ്ടി വന്നു. എന്നിട്ടും എതിരാളികളുടെ രോഷം അടങ്ങിയില്ലെന്നു കണ്ടപ്പോഴായിരുന്നു ക്വാസി ക്വാർട്ടെംഗിനെ തെറിപ്പിച്ചത്. സത്യത്തിൽ, 45 ശതമാനത്തിന്റെ സ്ലാബ് എടുത്തു കളയുന്നതിനോട് ക്വാസി ക്വാർട്ടെംഗ് എതിരായിരുന്നു എന്നാണ് പിന്നീട് പുറത്തു വരുന്ന വാർത്ത. ലിസ് ട്രസ്സിന്റെ നിർബന്ധം ഒന്നുകൊണ്ടു മാത്രം അത് മിനി ബജറ്റിൽ ഉൾക്കൊള്ളിക്കുകയായിരുന്നു വത്രെ.
മിനി ബജറ്റിലൂടെ നൽകിയ, 45 ശതമാനം വരുമാന നികുതി സ്ലാബ് എടുത്തുകളഞ്ഞു കൊണ്ടുള്ള ഇളവുകൾ പുനഃസ്ഥാപിക്കേണ്ടി വന്നു. ഇപ്പോഴിതാ വരുമാന നികുതിയുടെ അടിസ്ഥാന നിരക്കിൽ വരുത്തിയ 1 ശതമാനത്തിന്റെ കുറവ് നടപ്പിലാക്കുന്നത് ഒരു വർഷത്തേക്ക് നീട്ടാൻ ഒരുങ്ങുകയാണ് പുതിയ ചാൻസലർ. പൊതുഖജനാവിലെ നഷ്ടം നികത്തുന്നതിനു വേണ്ടിയാണിത്. വരുന്ന ഏപ്രിൽ മുതൽ ഇത് നടപ്പിലാക്കുമെന്നായിരുന്നു മിനി ബജറ്റിലെ പ്രഖ്യാപനം . അതാണ് ഇപ്പോൾ ഒരു വർഷത്തേക്ക് കൂടി നീട്ടുന്നത്.
തന്റെ ഇടക്കാല സാമ്പത്തിക നയം ജെറെമി ഹണ്ട് ഒക്ടോബർ 30 ന് പ്രഖ്യാപിക്കും എന്നറിയുന്നു. അക്ഷരാർത്ഥത്തിൽ അത് ഒരു സമ്പൂർണ്ണ ബജറ്റ് തന്നെയായിരിക്കും എന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലിസ് ട്രസ്സിന്റെ ഭരണകൂടം വലിയ തെറ്റുകളാണ് ചെയ്തിരിക്കുന്നത് എന്നു പറഞ്ഞ ഹണ്ട് അതുകൊണ്ടു തന്നെ എല്ലാം നേരെയാക്കുവാൻ ചില കടുത്ത നടപടികൾ ആവശ്യമായി വരുമെന്നും സൂചിപ്പിച്ചു.
ലിസ് ട്രസ്സിന്റെ വീണ്ടു വിചാരമില്ലാത്ത നയങ്ങൾ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ തകർക്കുകയും ജനജീവിതം കൂടുതൽ ദുഷ്‌കരമാക്കുകയും ചെയ്തതോടെ ഇനിയൊരു രണ്ടാമൂഴം അവർക്കില്ല എന്നത് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സ്വാഭാവിക പിൻഗാമിയായി ഋഷി സുനാക് ഉയർന്നു വന്നേക്കും എന്നാണ് കരുതുന്നത്. എന്നാൽ, ഇപ്പോൾ പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രതിരോധ മന്ത്രി ബെൻ വാലസ് ഋഷിക്ക് ഒരു ഭീഷണിയായി ഉയർന്നു വന്നേക്കും എന്നാണ്.
ജൂലായിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും പിൻവാങ്ങിയ അന്നു മുതൽ തന്നെ വാലസ് തന്റെ പ്രവർത്തനം ആരംഭിച്ചു എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ടോറി സോഷ്യൽ ഗാതറിങ് അംഗങ്ങൾക്കിടയിൽ ഏറെ ജനപ്രീതി ആർജ്ജിച്ചിരിക്കുന്നത് വാലസ് ആണ്. പ്രധാനമന്ത്രിയാകാൻ താനില്ലെന്ന് ധനമന്ത്രി ജെറമി ഹണ്ട് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ ആകട്ടെ അടിയന്തര പൊതുതിരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പിൻഗാമിയെ നിശ്ചയിക്കുമെന്നാണ് രാജി പ്രഖ്യാപന വേളയിൽ ട്രസ് പറഞ്ഞത്. അടുത്ത വെള്ളിയാഴ്ചയോടെ പുതിയ നേതാവിനെ കണ്ടെത്താൻ കഴിയുമെന്നാണ് കൺസർവേററീവ് എംപിമാരുടെ ചെയർമാൻ സർ ഗ്രഹാം ബ്രാഡി പറഞ്ഞത്.