ടൊറന്റോ: വരണ്ട ചുമയും തൊണ്ടവേദനയും ഉയര്‍ന്ന പനിയും ഇവയെല്ലാമാണ് കൊവിഡ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഇവയ്‌ക്കെല്ലാം പുറമെ ചെങ്കണ്ണും (പിങ്ക് ഐ) പ്രാഥമിക രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുമെന്ന് പുതിയ പഠനം. ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജി’യില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ ചിലര്‍ ചെങ്കണ്ണ് ലക്ഷണവും കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ കാനഡയില്‍ ചെങ്കണ്ണിന് ചികിത്സ തേടിയ 29-കാരിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിതനായ ഒരാള്‍ പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ ചെങ്കണ്ണ് ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക.
കൊവിഡ് കേസുകളില്‍ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസര്‍ കാര്‍ലോസ് സൊളാര്‍ട്ടി ചൂണ്ടിക്കാട്ടി. നേത്രരോഗക്ലിനിക്കുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മതിയായ ജാഗ്രതപാലിക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.