മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ജിയോ പ്ലാറ്റ്ഫോമിലെ 0.93 ശതമാനം ഓഹരി ആഗോള അസറ്റ് കമ്പനിയായ ടിപിജിയ്ക്ക് 4,546.8 കോടി രൂപയ്ക്ക് കൈമാറും. ഈ ഇടപാട് പൂര്‍ത്തിയാകുന്നതോടെ ജിയോ പ്ലാറ്റ്ഫോമുകളുടെ മൂല്യം 4.91 ട്രില്യണ്‍ രൂപയും എന്റര്‍പ്രൈസ് മൂല്യം 5.16 ട്രില്യണ്‍ രൂപയുമായി മാറും.
ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്ണര്‍മാര്‍, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബഡാല, എഡിഎ, ടിപിജി എന്നിവയുള്‍പ്പെടെ പ്രമുഖ ആഗോള സാങ്കേതിക നിക്ഷേപകരില്‍ നിന്നായി ജിയോ പ്ലാറ്റ്‌ഫോം 1.02 ട്രില്യണ്‍ രൂപ ഇതുവരെ സമാഹരിച്ചതായി ആര്‍ഐഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജിയോ പ്ലാറ്റ്ഫോമിലെ 1.16 ശതമാനം ഓഹരി 5,683.5 കോടി രൂപയ്ക്ക് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് വിറ്റ് ഒരാഴ്ചയ്ക്കുള്ളിലാണ് ടിപിജിയുമായി ഇടപാട് നടക്കുന്നത്. 2020 ജൂണ്‍ ഏഴ് ഞായറാഴ്ചയായിരുന്നു അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുമായുളള കരാര്‍ പ്രഖ്യാപിച്ചത്.
സ്വകാര്യ ഇക്വിറ്റി, ഗ്രോത്ത് ഇക്വിറ്റി, റിയല്‍ എസ്റ്റേറ്റ്, പബ്ലിക് ഇക്വിറ്റി എന്നിവയുള്‍പ്പെടെ വിവിധ തരം അസറ്റ് ക്ലാസുകളിലായി 79 ബില്യണ്‍ ഡോളറിലധികം ആസ്തികളുളള 1992 ല്‍ സ്ഥാപിതമായ പ്രമുഖ ആഗോള അസറ്റ് സ്ഥാപനമാണ് ടിപിജി,” ആര്‍ഐഎല്‍ പ്രസ്താവനയില്‍ പറയുന്നു.