ശബരിമല: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ശബരിമലയില്‍. ചൊവ്വാഴ്ച രാവിലെയാണ് മകന്‍ സെബാസ്റ്റ്യനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് എംഎല്‍എയും ഡിസിസി ഉപാദ്ധ്യക്ഷനുമായ എല്‍ദോസ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ഇരുമുടിക്കെട്ടുമായി മല കയറിയെത്തിയ എല്‍ദോസ് രാവിലെ ദര്‍ശനം നടത്തി സന്നിധാനത്ത് വിശ്രമിച്ച ശേഷം ഉച്ചകഴിഞ്ഞാണ് മലയിറങ്ങിയത്. മുമ്പ് ജില്ലാ പ്രസിഡന്റായിരുന്നപ്പോള്‍ എല്‍ദോസ് കലക്ടര്‍ രാജമാണിക്യത്തിനൊപ്പം മല കയറിയിട്ടുണ്ട്. ഇത്തവണ ദര്‍ശനത്തോടെ ആകെ ആറ് തവണയാണ് എല്‍ദോസ് മല കയറിയത്.
ചൊവ്വാഴ്ച ഉമ തോമസിന് വേണ്ടി ശശി തരൂര്‍ എംപി പ്രചരണത്തിനിറങ്ങിയിരുന്നു. സില്‍വര്‍ ലൈനില്‍ യുഡിഎഫ് നിലപാടിനൊപ്പമെന്ന് ശശി തരൂര്‍ പറഞ്ഞു. ഏത് വികസനവും ജനങ്ങളെ ബോധ്യപ്പെടുത്തി വേണം.
പദ്ധതിക്ക് ജനങ്ങള്‍ എതിരായത് കൊണ്ട് കോണ്‍ഗ്രസ് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനിറങ്ങിയതെന്നും ശശി തരൂര്‍ പറഞ്ഞു. കെവി തോമസിനെതിരേയും ശശി തരൂര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയോട് കൂറ് പൂലര്‍ത്തണമെന്ന് ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടി അഭിപ്രായങ്ങളോട് യോജിപ്പില്ലെങ്കില്‍ പാര്‍ട്ടി വിടുന്നതാണ് നല്ലത്. കെ വി തോമസല്ല, പി ടി തോമസാണ് തൃക്കാക്കരയില്‍ സ്വാധീനം ചെലുത്തുകയെന്നും ശശി തരൂര്‍ പറഞ്ഞു.