കൊച്ചി: ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തൃക്കാക്കരയില്‍(Thrikkakara) ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയയെും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍(V D Satheesan). സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാതെ തിരുവനന്തപുരത്ത് പോയിട്ട് എന്തുചെയ്യാനാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി കണ്ടിട്ട് പോകട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പരാമര്‍ശം വിഷയം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം സില്‍വര്‍ ലൈനില്‍ കെ റെയിലിന്റെ ജിപിഎസ് സര്‍വേയെ എതിര്‍ക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരളത്തിലെവിടെയും ഭൂമിയില്‍ ഇറങ്ങി വന്നു സര്‍വേ നടപ്പാക്കാന്‍ സര്‍ക്കാരിന് പറ്റില്ല.
അതിനാലാണ് ജിപിഎസ് കൊണ്ട് വരുന്നത്. സില്‍വര്‍ ലൈനില്‍ നടക്കുന്ന സര്‍വേ തീര്‍ത്തും പ്രഹസനമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. കൗശലം ഉപയോഗിച്ച് സ്ഥലം എറ്റെടുക്കന്‍ ഉള്ള ശ്രമം ആയിരുന്നു സര്‍ക്കാര്‍ നടത്തിയത്. അതാണിപ്പോള്‍ പരാജയപ്പെട്ടത്. യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടം വിജയമാണ്.
ആരാണ് വികസന വിരുദ്ധര്‍ എന്ന് തെളിയിക്കാന്‍ കോടിയേരിയെ വെല്ലുവിളിക്കുന്നെന്നും എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യുഡിഎഫ് ആണെന്നും വിഡി സതീശന്‍ പറഞ്ഞു. കല്ലിടല്‍ നിര്‍ത്തിയതില്‍ സര്‍ക്കാരില്‍ ഭിന്നാഭിപ്രായം ഉണ്ടെന്നും ആരോപിക്കുന്ന പ്രതിപക്ഷം സര്‍വെയുമായി മുന്നോട്ട് പോകാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
അതിരുകല്ലുകള്‍ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സര്‍വേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണം.