കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സഞ്ചരിക്കുന്ന ക്യാമറകള്‍ നിത്യേന കുരുക്കുന്നത് പൊതുനിരത്തില്‍ മാലിന്യം തള്ളുന്ന 30-40 പേരെ. ഭൂരിഭാഗം പേരെയും ഇതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞു. പലര്‍ക്കും നോട്ടീസും നല്‍കി. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചതോടെയാണ് നഗരസഭ പുതിയ നീക്കം നടത്തിയത്.
രണ്ടാഴ്ച മുന്‍പാണ് നഗരസഭാ പരിധിയിലെ തിരക്കുള്ള റോഡുകളില്‍ സഞ്ചരിക്കുന്ന ക്യാമറകള്‍ സ്ഥാപിച്ചത്. ഇടയ്ക്കിടെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു രഹസ്യമായി ക്യാമറ മാറ്റി സ്ഥാപിക്കും. ഇതോടെ ഏതൊക്കെ ദിവസങ്ങളില്‍ എവിടെയൊക്കെയാണ് ക്യാമറ വച്ചിരിക്കുന്നതെന്ന് ആര്‍ക്കും മനസിലാകുകയുമില്ല. ആരോഗ്യ വിഭാഗത്തിലെ പ്രധാനപ്പെട്ടവരുടെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എത്തും വിധമാണു ക്രമീകരണം.
ഇതോടെ മാലിന്യം പാതിരാത്രിയിലെത്തി റോഡില്‍ കളയാമെന്ന ചിന്ത മാറ്റി വെയ്ക്കേണ്ടി വരും. ഇനി മാലിന്യം ഇട്ടാല്‍ പിഴ ലഭിക്കും. ഇതുവരെ ക്യാമറ ഒപ്പിയെടുത്തവരില്‍ പലരും മാപ്പപേക്ഷയുമായി നഗരസഭയില്‍ എത്തിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള10 ക്യാമറകളാണ് നഗരസഭയുടെ കൈവശമുള്ളത്. ഇവ ഇടവിട്ടുള്ള ദിവസങ്ങളില്‍ പ്രധാന റോഡുകളില്‍ സ്ഥാപിച്ചാണ് മാലിന്യം തള്ളുന്നവരെ പിടികൂടുന്നത്.
കാല്‍നടയായെത്തുന്നവര്‍ മുതല്‍ വലിയ വാഹനങ്ങളില്‍ വരെ മാലിന്യം പൊതുനിരത്തുകളില്‍ കൊണ്ടുവന്നിടുന്നവരെ ക്യാമറ കുരുക്കിയിട്ടുണ്ട്. ഗാര്‍ഹിക മാലിന്യമാണു റോഡരികുകളില്‍ കൂടുതലായും കാണുന്നത്. എല്ലാ വാര്‍ഡുകളിലും കുടുംബശ്രീയുടെ ഹരിതകര്‍മസേന വീടുകളില്‍ നിന്നു മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും പൊതുനിരത്തില്‍ മാലിന്യം തള്ളുന്ന വരുടെ എണ്ണം കുറയുന്നില്ല. ഇതോടെയാണ് നഗരസഭ കടുത്ത തീരുമാനത്തിലേയ്ക്ക് കടന്നത്.