കോട്ടയം:പ്രതിപക്ഷ നേതാവിനെതിരെ പരസ്യപ്രസ്താവന നടത്തിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനോടു വിശദീകരണം ചോദിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. അച്ചടക്കലംഘനം നടത്തിയെന്നു ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും സുധാകരന്‍ തിരുവനന്തപുരത്തു പറഞ്ഞു. സുരേഷിനെ ഇന്നലെ കെപിസിസി പ്രസിഡന്റ് തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തു യുഡിഎഫ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ നാട്ടകം സുരേഷ് പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷനേതാവ് വി.ഡി.സതീശനായിരുന്നു ഉദ്ഘാടകന്‍. ശനിയാഴ്ച പ്രതിപക്ഷ നേതാവിനും യുഡിഎഫ് നേതൃത്വത്തിനും എതിരെ വിമര്‍ശനം ഉന്നയിച്ച് സുരേഷ് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ഇക്കാര്യങ്ങളില്‍ ഉമ്മന്‍ ചാണ്ടിയും സുരേഷിനെ അതൃപ്തി അറിയിച്ചതായാണു സൂചന. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യനും പി.എ.സലീമും കെപിസിസിക്കു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
വിശദീകരണം ചോദിച്ച് കത്തു ലഭിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റിനെക്കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചെന്നും നാട്ടകം സുരേഷ് പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ കോട്ടയം ജില്ലയിലെ പരിപാടികള്‍ തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തം ഉണ്ണാന്‍ പോകില്ലെന്നുമായിരുന്നു നാട്ടകം സുരേഷിന്റെ ശനിയാഴ്ചത്തെ പ്രതികരണം.