InternationalNews

ജനം തെരുവില്‍, മന്ത്രിയുടെ വീട്ടുവളപ്പില്‍ തീയിട്ടു; തന്ത്രംപാളി രാജപക്‌സെ

കൊളംബോ ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ സർക്കാരിനെതിരെ ജനരോഷം  ശക്തമായി. അർധരാത്രിയിലും പതിനായിരങ്ങൾ തെരുവിൽ ഇറങ്ങി. പലയിടങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഓഫിസിനു മുന്നിൽ രാത്രി ഒരു മണിക്കും സമരം നടന്നു.

ജനക്കൂട്ടം മന്ത്രിമാരുടെയും എംപിമാരുടെയും വീടുകളും സ്ഥാപനങ്ങളും വളഞ്ഞു. മുൻ മന്ത്രി റോഷൻ രണസിംഗെയുടെ വീട് ജനം അടിച്ചു തകർത്തു. മറ്റൊരു മന്ത്രി ഗമിനി ലകുങേയുടെ വീട്ടുവളപ്പിൽ തീയിട്ടു. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ ദക്ഷിണ ശ്രീലങ്കയിലെ തങ്കലയിലുള്ള സ്വകാര്യ വസതി ജനം വളഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സിനിമാ, കായിക താരങ്ങള്‍ സമരത്തിനിറങ്ങിയതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. സംയുക്ത സേനാമേധാവി വിദേശനയതന്ത്ര പ്രതിനിധികളെ കണ്ടു സ്ഥിതിഗതികൾ വിവരിച്ചു. കൊളംബോയിലെ എംബസി പ്രതിനിധികളെ വിളിച്ചു വരുത്തിയാണ് നിലവിലെ സാഹചര്യങ്ങൾ ധരിപ്പിച്ചത്.

അതേസമയം, ശ്രീലങ്കയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ നീക്കം പാളുന്നു. സര്‍ക്കാരില്‍ ചേരാനുള്ള ക്ഷണം മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളി. സര്‍ക്കാരില്‍ ചേരാനില്ലെന്നു പ്രതിപക്ഷ മുന്നണിയായ യുണൈറ്റഡ് പീപ്പിള്‍സ് പവര്‍ വ്യക്തമാക്കി.

കുടുംബവാഴ്ചയുടെയും അഴിമതിയുടെയും ആരോപണം നേരിടുന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ ആവശ്യപ്പെട്ടു. ജനകീയ സമരത്തെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷം തീരുമനിച്ചതായി പ്രേമദാസ അറിയിച്ചു. മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ജനത വിമുക്തി പെരുമുനയും സമാന നിലപാട് പ്രഖ്യാപിച്ചു.

മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി) ഭരണ മുന്നണി വിടുകയാണെന്നു പ്രഖ്യാപിച്ചു. പാർലമെന്റിൽ പ്രത്യേക വിഭാഗമായി ഇരിക്കും. ഇതോടെ ദേശീയ സര്‍ക്കാരെന്ന രാജപക്സെ കുടുംബത്തിന്റെ തന്ത്രം പാളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker