ചെന്നൈ: മദ്രാസ് ഐഐടിയിലെ അദ്ധ്യാപകനായ വിപിന്‍ പി. വീട്ടില്‍ സ്ഥാപനത്തില്‍ ജാതിവിവേചനം നേരിടുന്നതിനെതിരെ നിരാഹാര സമരത്തിന് ഒരുങ്ങുന്നു. സ്ഥാപനത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ജാതിവിവേചനത്തെ കുറിച്ച് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ (എന്‍സിബിസി) സ്വതന്ത്രമായി അന്വേഷിച്ചില്ലെങ്കില്‍, ഫെബ്രുവരി 24 മുതല്‍ നിരാഹാര സമരം നടത്തുമെന്ന് വിപിന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ തുറന്ന കത്ത് പ്രമുഖ മാധ്യമം പുറത്ത് വിട്ടു.
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (എച്ച്എസ്എസ്) വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ് വിപിന്‍ പി. വീട്ടില്‍. മദ്രാസ് ഐഐടിയില്‍ എസ്സി / എസ്ടി / ഒബിസി അദ്ധ്യാപകര്‍ക്കായി നടക്കുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ അട്ടിമറിയും എന്‍സിബിസി അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന കത്തില്‍ വിപിന്‍ ആവശ്യപ്പെടുന്നു. മദ്രാസ് ഐഐടിയില്‍ ബ്രാഹ്‌മണ അദ്ധ്യാപകരുടെ ബ്രാഹ്‌മണ ഭരണവും, ജാതി വിവേചനവും ഉപദ്രവവും നടക്കുന്നതായി വിപിന്‍ കത്തില്‍ ആരോപിക്കുന്നു. വിപിന്‍ പി. വീട്ടില്‍ ഒബിസി വിഭാഗത്തില്‍ പെട്ട ആളാണ്.
പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന ഈ കത്തില്‍, സ്ഥാപനത്തില്‍ താന്‍ നേരിട്ട പീഡനത്തെ കുറിച്ച് വിപിന്‍ വിവരിക്കുന്നു. 2021 ല്‍ എന്‍സിബിസിയില്‍ പരാതി നല്‍കിയത് മുതല്‍ സഹപ്രവര്‍ത്തകര്‍ തന്നെ ഉപദ്രവിക്കുകയാണെന്നും വിപിന്‍ പരാതിപ്പെട്ടു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് എന്‍സിബിസി മദ്രാസ് ഐഐടിയോട് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.
2021 ഒക്ടോബറില്‍ സ്ഥാപനം ഈ അന്വേഷണം അവസാനിപ്പിച്ചത് മുതല്‍ അദ്ധ്യാപകനായ താന്‍ നിര്‍ദയമായ പീഡനമാണ് നേരിടുന്നതെന്ന് വിപിന്‍ കത്തില്‍ ആരോപിക്കുന്നു. 2021 ഒക്ടോബറില്‍ അന്വേഷണം അവസാനിച്ചതു മുതല്‍ മദ്രാസ് ഐഐടിയുടെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ അന്നത്തെ ഡയറക്ടര്‍ തന്നെ നിരന്തരം ഉപദ്രവിച്ചതായും വിപിന്‍ പി. വീട്ടില്‍ കത്തില്‍ ആരോപിക്കുന്നു.