അഗളി: വാക്ക് പാലിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമോപദേശത്തിന് അഭിഭാഷകനെ ചുമതലപ്പെടുത്തി. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനായ വി. നന്ദകുമാറാണ് എത്തുക. താരത്തിന്റെ നിര്‍ദേശപ്രകാരം മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന റോബര്‍ട്ട് കുര്യാക്കോസ് ചുമതലപ്പെടുത്തിയത്.
അതേസമയം, സര്‍ക്കാരാണ് കേസ് നടത്തുക. കുടുംബത്തിന് ആവശ്യമായ നിയമോപദേശമോ, മധുവിന്റെ കുടുംബം ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആയിരിക്കും അഭിഭാഷകന്‍ നല്‍കുന്നച്. ഇതിനായി അഭിഭാഷകന്‍ മധുവിന്റെ കുടുംബവുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സൂപ്പര്‍താരം മമ്മൂട്ടി എത്തിയത്.
കേസിന്റെ നടപടികള്‍ ഇനിയും വിചാരണയ്ക്ക് പോലും എത്താത്ത സാഹചര്യത്തില്‍ മധുവിന്റെ കുടുംബം വലിയ ആശങ്കയിലായിരുന്നു. ഈ വേളയിലാണ് മമ്മൂട്ടിയുടെ ഇടപെടല്‍. മധുവിനും കുടുംബത്തിനും വേണ്ട എല്ലാ നിയമസഹായവും നല്‍കാമെന്നതായിരുന്നു മമ്മൂട്ടിയുടെ വാഗ്ദാനം.
മധുവിന്റെ കൊലപാതകവാര്‍ത്ത പുറത്തെത്തിയപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പലരും പിന്മാറിയ ഘട്ടത്തിലും അന്ന് നല്‍കിയ വാക്ക് മാറ്റാതെ നിലകൊണ്ടാണ് മമ്മൂട്ടി ഈ വിഷയത്തിലും വ്യത്യസ്തനായിരിക്കുന്നത്. മധുവിനെ ആദിവാസിയെന്നല്ല അനുജനെന്നാണ് താന്‍ വിളിക്കുന്നതെന്നായിരുന്നു മമ്മൂട്ടി അന്ന് പ്രതികരിച്ചത്.