കൊച്ചി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാലടി ശ്രീശങ്കര പാലം അടയ്ക്കുന്നു. പാലം അപകടാവസ്ഥയിലാണെന്ന ആശങ്കയ്ക്കിടയിലാണ് പരിശോധനകള്‍ക്കായി ഗതാഗതം പൂര്‍ണമായി നിരോധിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് പാലം അടയ്ക്കുക. തുടര്‍ന്ന് നിയന്ത്രിതമായി വാഹനങ്ങള്‍ കടത്തിവിടും. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ തുടങ്ങാനും കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
വിശദമായ പഠനത്തിനായാണ് പതിമൂന്നാം തിയതി മുതല്‍ പാലം അടയ്ക്കുന്നത്. വാഹനഗതാഗതവും കാല്‍നടയാത്രയും നിരോധിക്കും. പത്തൊമ്പതു മുതല്‍ 21 വരെ നിയന്ത്രിതതോതില്‍ വാഹനങ്ങള്‍ കടത്തിവിട്ടും പരിശോധിക്കും. രാത്രിയിലും സാങ്കേതിക പരിശോധന തുടരുന്നതിനാല്‍ 24 മണിക്കൂറും ഗതാഗതം പൂര്‍ണമായും നിരോധിക്കും. നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനായി കൂടുതല്‍ പോലീസിനെ വിന്യസിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
വാഹനങ്ങള്‍ തിരിച്ചു വിടുന്ന വഴികളില്‍ കൃത്യമായ ദിശാ ബോര്‍ഡും സ്ഥാപിക്കും. അറ്റകുറ്റപ്പണിക്ക് മുന്നോടിയായാണ് നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നത്. ദല്‍ഹിയിലെ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പഠനം നടത്തുന്നത്. പാലം അടയ്ക്കുന്നതിനാല്‍ വണ്ടികള്‍ വഴിതിരിച്ചുവിടുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിച്ചു വിടേണ്ട വഴി
അങ്കമാലി ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ആലുവയിലെത്തി അവിടെ നിന്നും ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര തുടരാവുന്നതാണ്.അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മറ്റൂര്‍ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ട് തിരിഞ്ഞു കാലടി മലയാറ്റൂര്‍ റോഡിലൂടെ സഞ്ചരിച്ചു മലയാറ്റൂര്‍ കോടനാട് പാലം, കോടനാട് വല്ലം റോഡ് വഴി വല്ലം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പെരുമ്പാവൂര്‍ ഭാഗത്തേക്ക് യാത്ര തുടരാവുന്നതാണ്.
അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിച്ചു വിടേണ്ട വഴി
മൂവാറ്റുപുഴ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പെരുമ്പാവൂരില്‍ ഇടത്തോട്ട് തിരിഞ്ഞ് ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലൂടെ ആലുവയില്‍ എത്തി അങ്കമാലി വഴി യാത്ര തുടരാവുന്നതാണ്.മൂവാറ്റുപുഴ ഭാഗത്തു നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വല്ലം ജംഗ്ഷനില്‍ വലത്തോട്ട് തിരിഞ്ഞ് വല്ലം കോടനാട് റോഡിലൂടെ മലയാറ്റൂര്‍ – കോടനാട് പാലം ,കാലടി – മലയാറ്റൂര്‍ റോഡ് വഴി കാലടി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് യാത്ര തുടരാവുന്നതാണ്.
മൂവാറ്റുപുഴ ഭാഗത്തുനിന്നും എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിച്ചു വിടേണ്ട വഴി
മൂവാറ്റുപുഴ ഭാഗത്തുനിന്നും എയര്‍പോര്‍ട്ടിലേക്ക് വരേണ്ട വാഹനങ്ങള്‍ പെരുമ്പാവൂരില്‍ ഇടത്തോട്ടു തിരിഞ്ഞ് ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലൂടെ വന്ന് മഹിളാലയം – തുരുത്ത് പാലം കടന്ന് വലത്തോട്ട് കാലടി ആലുവ റോഡ് , ചൊവ്വര -നെടുവന്നൂര്‍ – ആവണംകോട് റോഡിലൂടെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാവുന്നതാണ്. എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ പോകേണ്ട വാഹനങ്ങള്‍ക്കും ഈ റൂട്ടിലൂടെ സഞ്ചരിക്കാവുന്നതാണ്.എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലൂടെ വന്ന് തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി ആലുവ റോഡ് ചൊവ്വര -നെടുവന്നൂര്‍ – ആവണംകോട് റോഡിലൂടെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാവുന്നതാണ്.