മുംബൈ:അയല്‍വാസിയായ യുവതിയ്‌ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുകയും മോശം വാക്കുകള്‍ കൊണ്ട് അപമാനിക്കുകയും ചെയ്ത യുവാവ് കുറ്റക്കാരനെന്ന് വിധിച്ച് കോടതി.28 കാരനായ ഇസ്തികര്‍ ഷെയ്ഖ് എന്ന യുവാവിന്റെ നടപടി യുവതിയ്‌ക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവാവിന്റെ പെരുമാറ്റം തടയാന്‍ യുവതി ശ്രമിച്ചപ്പോള്‍ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കുര്‍ള മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് യുവാവ് കോടതിയില്‍ വാദിച്ചത്. ഇക്കാര്യം തള്ളിയ കോടതി യുവതിയ്‌ക്ക് ഇസ്തികറിന്റെ വാദങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞെന്നും അറിയിച്ചു. നല്ലനടപ്പ് കൊണ്ട് മാത്രം ശിക്ഷ അവസാനിപ്പിക്കാന്‍ കഴിയില്ല. യുവാവ് തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
2019 ജൂണ്‍ 14ന് രാവിലെയാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിയ്‌ക്ക് പോയ സമയം നോക്കി വീട്ടിലെത്തിയ യുവാവ് വാതിക്കല്‍ നിന്ന് ഫ്‌ളൈയിംഗ് കിസ്സുകള്‍ നല്‍കുകയും മോശമായി സംസാരിക്കുകയുമായിരുന്നു. താനും സഹോദരിയും ഇസ്തികറിനെ വീട്ടിന് പുറത്തേയ്‌ക്ക് തള്ളിയിറക്കാന്‍ ശ്രമിച്ചതോടെ യുവാവ് തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വഴക്കിനെ തുടര്‍ന്ന് വ്യാജമായി കേസില്‍ കുടുക്കുകയാണെന്നും യുവാവ് ആരോപിച്ചു. ഇവയൊന്നും തന്നെ പ്രതിഭാഗത്തിന് തെളിയിക്കാനായില്ല. തുടര്‍ന്ന് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു.