30 C
Kottayam
Monday, November 25, 2024

വിവാഹിതനുമായി പ്രണയം,ഗർഭം,ആദ്യബന്ധം വേര്‍പെടുത്തി കാമുകനെ സ്വന്തമാക്കി,കുട്ടിയ്ക്കായി പോരാട്ടം,അനുപമയുടെ കഥ

Must read

തിരുവനന്തപുരം:പ്രസവിച്ച് മൂന്നാം നാൾ നഷ്ടപ്പെട്ട തന്റെ കുട്ടിയെ തിരിച്ച് കിട്ടണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് മുൻ എസ്.എഫ്.ഐ പ്രവർത്തക അനുപമ എസ്. ചന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരുന്നത്‌.പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും അനുപമയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. വിവാഹിതനായ ഒരാളുമായി പ്രണയത്തിലാവുകയും പിന്നീട് ഗർഭിണിയാകുകയും ചെയ്തു എന്നതാണ് കുട്ടിയെ തന്നിൽ നിന്ന് മാറ്റാനുള്ള കാരണമെന്നും അജിത്തിന്റെ സാമുദായിക പശ്ചാത്തലവും തന്റെ മാതാപിതാക്കൾക്ക് പ്രശ്നമായിരുന്നുവെന്നും അനുപമ പറയുന്നു.

പേരൂർക്കടയിലെ സി.പി.എം. കുടുംബത്തിലെ അംഗമാണ് അനുപമ. അനുപമയുടെ അന്തരിച്ച മുത്തച്ഛൻ പേരൂർക്കട സദാശിവൻ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അച്ഛൻ പി.എസ്. ജയചന്ദ്രൻ സി.പി.എം. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം. ഏരിയ കമ്മിറ്റിയിലേക്ക് ഉൾപ്പെടാനിരിക്കെയാണ് മകളുടെ പേരിലുള്ള വിവാദത്തിലകപ്പെട്ടത്. സി.പി.എമ്മിന് വലിയ വേരോട്ടമുള്ള പേരൂർക്കടയിൽ കോർപ്പറേഷൻ വാർഡ് മുതൽ പ്രദേശത്തെ സഹകരണ ബാങ്കിൽ വരെ പ്രാതിനിധ്യമുള്ള കുടുംബമാണ് അനുപമയുടേത്. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ പേരൂർക്കട വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നവരിൽ മുന്നിലായിരുന്നു അനുപമ. ഈ ഘട്ടത്തിലാണ് വിവാദങ്ങളുണ്ടാകുന്നത്.

എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡി.വൈ.എഫ്.ഐ. പ്രവർത്തകയുമായിരുന്നു അനുപമ. ഡി.വൈ.എഫ്.ഐ. പേരൂർക്കട മേഖല കമ്മിറ്റി സെക്രട്ടറിയായിരുന്നു അജിത്. വിവാഹിതനനായ അജിത്തുമായി അനുപമ പ്രണയത്തിലാകുകയായിരുന്നു. 2011-ൽ അജിത്ത് വിവാഹിതനായിരുന്നു. അതിനിടെയാണ് അനുപമയുമായി പ്രണയത്തിലാകുന്നതും പിന്നീട് ഗർഭിണിയായതും. ഗർഭിണിയാണെന്ന വിവരം അറിഞ്ഞപ്പോൾ മുതൽ വീട്ടുകാരുടെ എതിർപ്പ് തുടങ്ങി. എന്നാൽ അജിത്തിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് അനുപമ വീട്ടുകാരോട് പറഞ്ഞു.

ഗർഭം അലസിപ്പിക്കുമെന്നും അല്ലെങ്കിൽ ഭ്രാന്താശുപത്രിയിൽ കൊണ്ട് പോയി ഇടുമെന്നും വീട്ടുകാർ അനുപമയെ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. എന്നാൽ കുഞ്ഞിനെ തനിക്ക് വേണമെന്നും പ്രസവിക്കുമെന്നും അനുപമ നിലപാട് എടുത്തു. പാർട്ടി കമ്മിറ്റികളിൽ നേതാവുമായുള്ള അടുപ്പം പ്രണയത്തിലേക്ക് എത്തിയതിനെ അനുപമയുടെ വീട്ടുകാർ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല, അജിത്ത് വിവാഹിതനാണെന്നതാണ് ഇതിന് കാരണമായി അവർ പറഞ്ഞത്. എന്നാൽ അജിത്ത് ദളിതനായതാണ് വീട്ടുകാരുടെ പ്രശ്നമെന്നാണ് അനുപമ ആരോപിക്കുന്നത്.

കുട്ടിക്ക് ജന്മം നൽകുമെന്നും അജിത്തിനൊപ്പം ജീവിക്കുമെന്നും അനുപമ തീരുമാനിച്ചതോടെ വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നെങ്കിലും അനുപമയുടെ ആരോ്ഗ്യസ്ഥിതി കണക്കിലെടുത്ത് വഴങ്ങേണ്ടി വന്നു. അപ്പോഴും കുട്ടിയെ അനുപമയിൽനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ഒരുവശത്ത് തുടർന്നുകൊണ്ടിരുന്നു. 2020 ഒക്ടോബർ 20-ന് അനുപമ ആൺകുഞ്ഞിന് ജന്മം നൽകി. കൃത്യം മൂന്നാം ദിവസം ഈ കുട്ടിയെ അനുപമയുടെ മാതാപിതാക്കൾ മാറ്റിയതായാണ് ആരോപണം. ശിശുക്ഷേമ സമിതി വഴി കുട്ടിയെ ആന്ധ്രയിലുള്ള ദമ്പതികൾക്ക് ദത്ത് നൽകിയെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദം. കുട്ടിയെ വിട്ടു നൽകാൻ എന്തുകൊണ്ട് അനുപമ അനുമതിപത്രത്തിൽ ഒപ്പിട്ടു നൽകി എന്ന ചോദ്യവും നിലനിൽക്കുന്നു.

അനുപമയുടെ ചേച്ചിയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഈ വിവാഹം കഴിയുന്നതുവരെ കാത്തിരിക്കണമെന്നും അതിന് ശേഷം കുട്ടിയെ അനുപമയ്ക്ക് നൽകാമെന്നും അതുവരെ മറ്റൊരിടത്ത് കുട്ടി സുരക്ഷിതമായിരിക്കുമെന്നുമാണ് മാതാപിതാക്കൾ അനുപമയോട് പറഞ്ഞത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം കുട്ടിക്കും അജിത്തിനുമൊപ്പം ജീവിക്കാൻ അനുവദിക്കാമെന്നും അപ്പോഴേക്കും അജിത്ത് ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം നേടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

തന്റെ കുഞ്ഞിനെ വീട്ടുകാർ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് അനുപമ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. കുട്ടിയെ തന്നിൽനിന്ന് എന്നെന്നേക്കുമായി അകറ്റാൻ വീട്ടുകാർ വലിയ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് അനുപമ ആരോപിക്കുന്നത്. ഉന്നത പാർട്ടി കുടുംബമായതിനാൽ തന്നെ ജില്ലാ നേതാക്കൾ ഉൾപ്പെടെ ഗൂഡാലോചനയിൽ പങ്കെടുത്തുവെന്നും അനുപമയും അജിത്തും ആരോപിക്കുന്നു.

അനുപമയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും തിരിമറി നടന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്തിന് പകരം ജയകുമാർ എന്ന വ്യക്തിയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ അനുപമ പ്രസവിക്കുന്ന സമയത്ത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കറ്റ് നൽകിയത്.

ഈ ബന്ധത്തെ ചൊല്ലി അജിത്തിന്റെ ഭാര്യ നസിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ അനുപമ തനിക്ക് സഹോദരിയെപ്പോലെയാണെന്നും അരുതാത്തത് പറയരുതെന്നുമാണ് അജിത്ത് പറഞ്ഞത്. കമ്മിറ്റി യോഗങ്ങളിൽ അജിത്തും അനുപമയും ചേർന്നിരിക്കുന്നത് പതിവായിരുന്നുവെന്നും നാസിയ ആരോപിക്കുന്നുണ്ട്. അനുപമയുമായി അജിത്ത് അടുപ്പത്തിലായതിന് ശേഷം തന്റെ കുടുംബത്തിൽ എന്നും പ്രശ്നങ്ങളായിരുന്നുവെന്നും വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ടായെന്നും അവർ പറയുന്നു.

തന്റെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണെന്നും അജിത്തിന്റെ ആദ്യഭാര്യ ആരോപിക്കുന്നു. ഒരുപാട് സഹിച്ചു, വിവാഹമോചനം നൽകാൻ പറ്റില്ലെന്ന് അനുപമയുടെ വീട്ടിൽവരെ പോയി പറഞ്ഞു. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നൽകിയത്. ദത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് എഴുതി നൽകിയ കാര്യങ്ങൾ താൻ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണ ബോധവതിയായിരുന്നുവെന്നും താൻ വായിച്ചു നോക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ അനുപമയുടെ വീട്ടുകാരാണ് തന്റെ ആദ്യഭാര്യയെ ഇപ്പോൾ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് അജിത്ത് ആരോപിക്കുന്നത്. ജോലി വാഗ്ദാനം ചെയ്താണ് നസിയയെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് അജിത്ത് ആരോപിക്കുന്നത്.

സംഭവത്തില്‍ വകുപ്പ് തല അന്വേഷണം തുടങ്ങിയതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് (veena george) അറിയിച്ചു. അനുപമ വിഷയത്തില്‍ സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി മുഖാന്തിരം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.ഈ വിഷയത്തില്‍ നിയമപരമായ സങ്കീര്‍ണ്ണത ഇല്ലാതാക്കാനാണ് കോടതിയെ സമീപിച്ചത്.

കുഞ്ഞിനെ ദത്തെടുത്ത് നല്‍കിയതില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയോയെന്ന് സമഗ്രമായി അന്വേഷിക്കുമെന്നും അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. ധാരാളം സങ്കീര്‍ണതകളുള്ള അസാധാരണമായ ഒരു കേസാണിത്. പക്ഷേ പ്രതിബന്ധങ്ങളെന്തൊക്കെയുണ്ടെങ്കിലും അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ കോടതിയില്‍ നിലപാട് മാറ്റുമെന്ന് വ്യക്തമായതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അനുപമ അവസാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷ ഇപ്പോള്‍ ഉണ്ടെന്നും കൂടെ നിന്നവര്‍ക്കെല്ലാം ഈ ഘട്ടത്തില്‍ നന്ദി പറയുന്നതായും അനുപമ പറഞ്ഞു. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യം അഭിഭാഷകനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അനുപമ വ്യക്തമാക്കി.

അനുപമ വിഷയത്തില്‍ സാമൂഹികനീതി, ശിശുക്ഷേമ വകുപ്പ് മന്ത്രിമാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തു വന്നു. ആറ് മാസമായി ഈ പെണ്‍കുട്ടി (അനുപമ) സ്വന്തം കുഞ്ഞിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കേറിയിറങ്ങുകയാണ്. ഈ സമയത്തൊക്കെ എവിടെയായിരുന്നു വനിതാ ശിശുക്ഷേമമന്ത്രി വീണ ജോര്‍ജ്, എവിടെയായിരുന്നു സാമൂഹിക നീതി മന്ത്രി ആര്‍.ബിന്ദു, എവിടെയായിരുന്നു ശിശുക്ഷേമസമിതി. സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിച്ചു കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തിച്ചതോടെയാണ് കുഞ്ഞിനെ അമ്മയുടെ താത്പര്യത്തിന് വിരുദ്ധമായി ദത്തു പോകുന്ന അവസ്ഥയുണ്ടായത് – വിഡി സതീശന്‍ പറഞ്ഞു.

മാതാപിതാക്കളുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അനുപമയ്ക്കും അജിത്തിനും എതിരെ അജിത്തിന്റെ ആദ്യഭാര്യ നസിയ രംഗത്തെത്തിയിരുന്നു.അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു. നിര്‍ബന്ധമായാണ് ഡിവോഴ്‌സ് ചെയ്യിപ്പിച്ചത്. ഒരുകാരണവശാലും ഡിവോഴ്‌സ് നല്‍കില്ല എന്ന് താന്‍ പറഞ്ഞതിന് ശേഷമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് നല്‍കാന്‍ അനുപമ തയ്യാറായത്.

അബോധാവസ്ഥയില്‍ അനുമതി എഴുതിവാങ്ങി എന്നത് തെറ്റാണ്. ആ സമയത്ത് അനുപമയ്ക്ക് ബോധമുണ്ടായിരുന്നു. താന്‍ പോയി കണ്ടതാണ്’-നസിയ പറഞ്ഞു. അതേസമയം, ആരോപണം നിഷേധിച്ച് അനുപമ രംഗത്തുവന്നു. ‘തന്നില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയ സമയത്ത് അജിത്തിന്റെ ആദ്യ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. അജിത്തിന്റെ മുന്‍ ഭാര്യയുടെ കാര്യമല്ല, കുഞ്ഞിന്റെ വിഷയമാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ നിന്ന് മാറ്റാനാണ് നസിയയെ ഇതിലേക്ക് വലിച്ചിടുന്നത്.അജിത്തിന് ഡിവോഴ്‌സ് കൊടുക്കരുതെന്ന് തന്റെ മാതാപിതാക്കള്‍ പലപ്പോഴും നസിയയോട് പറഞ്ഞിരുന്നു.’അനുപമ പറഞ്ഞു.

കുഞ്ഞിനെ വിട്ടുകിട്ടാനായുള്ള അനുപമയുടെ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് സിപിഎം. അനുപമയ്ക്ക് ആവശ്യമായ നിയമസഹായം നല്‍കും. പ്രശ്നം പാര്‍ട്ടിക്ക് പരിഹരിക്കാനാവില്ല. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ടതില്ല.ഒരു തെറ്റിനെയും സിപിഎം പിന്താങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സഹായിക്കേണ്ട സമയത്ത് പാര്‍ട്ടിയില്‍ ആരും സഹായിച്ചില്ലെന്ന് അനുപമ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാന്‍ കഴിയുമെന്ന് അറിയില്ല. എ വിജയരാഘവന് പരാതി നല്‍കിയിരുന്നു. നേരില്‍ കണ്ടും പരാതി ബോധിപ്പിച്ചു. ഒരു നടപടിയും ഉണ്ടായില്ലെന്നും അനുപമ പറഞ്ഞു.

സ്വന്തം കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന അനുപമയുടെ പരാതി പരിഹരിക്കാന്‍ കഴിയാത്തതില്‍ തനിക്കു കുറ്റബോധമുണ്ടെന്ന് മുന്‍ മന്ത്രി പി കെ ശ്രീമതി പറഞ്ഞു. അനുപമയുടെ പരാതി അറിഞ്ഞത് വൃന്ദ കാരാട്ടിലൂടെയാണ്. വീണ്ടും പരാതി നല്‍കണമെന്ന് അനുപമയോടു പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ സമീപിക്കാനും നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിരുന്നു. അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

ബെർട്ട് കൊടുങ്കാറ്റ്: കരകവിഞ്ഞ് നദികൾ;ബ്രിട്ടനിൽ വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയും

വെയിൽസ്: ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടണിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം...

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

Popular this week