ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുവെന്ന ശശി തരൂര്‍ എം.പിയുടെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതര്‍ രംഗത്തെത്തി.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ടിക് ടോക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ടിക് ടോക് പ്രവര്‍ത്തിക്കുന്ന ഒരോ വിപണിയിലും അവിടുത്ത പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളുമാണ് പാലിക്കുന്നതെന്നും കമ്പനി അറിയിച്ചു.
തിങ്കളാഴ്ച ലോക്സഭയില്‍ ശൂന്യവേളയ്ക്കിടെയാണ് ശശിതരൂര്‍ ടിക് ടോക്കിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. നിയമവിരുദ്ധമായി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചതിന് അമേരിക്കന്‍ ഭരണകൂടം അടുത്തിടെ ടിക് ടോക്കിന് 57 ലക്ഷം ഡോളര്‍ പിഴ വിധിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.