FeaturedKeralaNews

പാലായില്‍ സമാധാനയോഗം ചേര്‍ന്നു; സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെന്ന് പോലീസ്

കോട്ടയം: പാലായില്‍ സമാധാനയോഗം ചേര്‍ന്നു. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ യോഗത്തില്‍ ധാരണയായി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സമാധാന യോഗം വിളിച്ചത്. പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കള്‍ സമാധാന യോഗത്തില്‍ പങ്കടുത്തു.

പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന ഗുരുതര ആരോപണവുമായി പാലാ രൂപതയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നര്‍കോട്ടിക്, ലവ് ജിഹാദ്കള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തില്‍ പറയുന്നു. ഈ ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരിന്നു.

ബിഷപ്പിന്റെ വാക്കുകള്‍ ‘മുസ്ലീംങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. കത്തോലിക്ക യുവാക്കളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട് ‘.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു. മുസ്ലീം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.

ഇതിന് പിന്നാലെ ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരിന്നു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശം ഏറ്റെടുത്ത് നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തുവന്നു. പ്രലോഭനങ്ങളിലൂടെ കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുവെന്ന് എന്‍.എസ്.എസ്. സ്‌നേഹമെന്ന വജ്രായുധം കാട്ടി പെണ്‍കുട്ടികളെ മതം മാറ്റുന്നു. പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം അനവസരത്തിലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. മതനേതാക്കള്‍ ഇതര സമുദായങ്ങള്‍ക്കുമേല്‍ കടന്നു കയറിയാല്‍ മതേതര കേരളം അത് അനുവദിക്കില്ല. പരസ്പരം സ്പര്‍ധയുണ്ടാക്കുന്ന നിലപാടുകളെ ഒന്നിച്ചെതിര്‍ക്കണമെന്നും പാലാ ബിഷപ്പ് തിരുത്തലിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button