കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പോലീസ് നടപടി ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയായ വിദ്യാര്‍ഥിനി ഗൗരിനന്ദയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. തനിക്കെതിരേ എടുത്ത കേസ് പിന്‍വലിക്കാനും, തനിക്കെതിരേ അപമര്യാദയായി പെരുമാറിയ പോലീസുകാര്‍ക്കെതിരേ നടപടി എടുക്കണമെന്നുമാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പരാതി ഡിജിപിക്ക് കൈമാറുകയും അത് കൊല്ലം പോലീസ് അന്വേഷിക്കുകയാണെന്നും തന്നെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഗൗരി നന്ദ പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അമ്മയ്ക്കും പുനലൂര്‍ എംഎല്‍എ പിഎസ് സുപാലിനുമൊപ്പമാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
കടയ്ക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ഥിയായിരുന്ന ഗൗരിനന്ദ അടുത്തിടെയാണ് പ്ലസ്ടു പാസായത്. ബാങ്കില്‍ ക്യൂ നിന്നവര്‍ക്ക് പിഴ നല്‍കിയ പോലീസിനെ വിറപ്പിച്ച് ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് ഗൗരിനന്ദയ്‌ക്കെതിരേ ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു.
പിന്നീട് ജാമ്യമില്ല വകുപ്പ് ഒഴിവാക്കിയെങ്കിലും കേസ് ഉണ്ടായിരുന്നു. പോലീസുകാര്‍ അപമര്യാദയായി പെരുമാറിയതിനാലാണ് രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി നന്ദ പിന്നീട് പ്രതികരിച്ചത്. ഇതെല്ലാം ഉള്‍കൊള്ളിച്ചാണ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കിയത്.