തിരുവനന്തപുരം: ജയിലിൽ ഭീഷണിയെന്ന് സ്വർണക്കടത്തിലെ പ്രധാന പ്രതി സരിതിന്റെ പരാതി. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ് ഇയാൾ. എൻഐഎ കേസിൽ റിമാന്റ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് ഇക്കാര്യം പറഞ്ഞത്. ജയിലിൽ നിരന്തരം ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നും ഇദ്ദേഹം പരാതിപ്പെട്ടു.
ജയിൽ അധികൃതർ നിർബന്ധിച്ചതായാണ് സരിത് കോടതിയോട് പറഞ്ഞത്. റിമാന്റ് പുതുക്കുന്നതിനായി ഓൺലൈൻ വഴി ഹാജരാക്കിയപ്പോഴാണ് സരിത് പരാതിപ്പെട്ടത്. എല്ലാകാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ലെന്നും, കോടതി മുൻപാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും സരിത് ആവശ്യപ്പെട്ടു.
സരിതിന്റെ ആവശ്യം പരിഗണിച്ചെങ്കിലും എപ്പോൾ നേരിട്ട് ഹാജരാക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല. തിങ്കളാഴ്ച ഹാജരാക്കാൻ നിർദ്ദേശം നൽകുമെന്നാണ് കരുതുന്നത്. സരിത് ഏറെ ഗൗരവമുള്ള പരാതികൾ ഉന്നയിച്ചെന്നാണ് വിവരം. ചില ദേശീയ നേതാക്കളുടെയും ബിജെപി, കോൺഗ്രസ് നേതാക്കളുടെയും പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സൂചന.