തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ എല്‍.എന്‍.ജി ബസ് തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സര്‍വ്വീസ്. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ എല്‍എന്‍ജിയിലേക്കും സിഎന്‍ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍.എന്‍.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര ഉടമസ്ഥതയിലുള്ള പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് നിലവില്‍ രണ്ട് എല്‍.എന്‍ ജി ബസ്സുകള്‍ മുന്ന് മാസത്തേക്ക് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുമെന്നും, ഡ്രൈവര്‍, മെയിന്റനന്‍സ് വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുമെന്നും ആന്റണി രാജു പറഞ്ഞു.