വയനാട്: വയനാട്ടില്‍ ഒരാള്‍ കൂടി കുരങ്ങുപനി ബാധിച്ച് മരിച്ചതോടെ ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം കുരങ്ങുപനി ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍വെച്ച് മരിച്ച ബേഗൂര്‍ കാളിക്കൊല്ലി കോളനിയിലെ കേളുവിന്റെ പരിശോധനാഫലം ഇന്നലെയാണ് പുറത്ത് വന്നത്. ജില്ലയില്‍ രണ്ടാം ഘട്ടപ്രതിരോധ കുത്തിവെപ്പ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മരിച്ച ബേഗൂര്‍ കാളിക്കൊല്ലി കോളനിയിലെ കേളു, കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കുരങ്ങുപനി ബാധിച്ച് ചികിത്സ തേടിയിരുന്നത്. ഇതോടെ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രോഗവ്യാപനം പ്രതീക്ഷിച്ചതിലും കൂടിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പ് പുലര്‍ത്തുന്നത്.
കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 5228 പേരാണ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്. ഇപ്പോള്‍ 2346 പേര്‍ക്ക് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. എട്ട് പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി.
കുരങ്ങുപനി പടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആദിവാസി കോളനികള്‍ വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. കോളനികളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളെ കാടുകളില്‍ മേയാന്‍ വിടുന്നത് നിയന്തിക്കുന്നതിനായി പ്രത്യേക ആപ്പും തയ്യാറാക്കിയിട്ടുണ്ട്. എന്‍.ഐ.സിയ്ക്കാണ് ഇതിന്റെ ചുമതല.