കാസര്‍കോട്: കാട്ടുപന്നി ചാടിവീണതിനെത്തുടര്‍ന്ന് മറിഞ്ഞ ഓട്ടോറിക്ഷക്കടിയില്‍പ്പെട്ട ബാലന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കാട്ടുപന്നി കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട മറിഞ്ഞ ഓട്ടോറിക്ഷക്കടിയില്‍ യാത്രക്കാരനായ ബാലനും പന്നിയും കുടുങ്ങി. ഇതിനിടെ പന്നി കുട്ടിയുടെ മുഖം കടിച്ചുകീറുകയായിരിന്നു.
സാരമായി പരിക്കേറ്റ കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകന്‍ സഹദി(എട്ട്)നെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സഹദിന്റെ മുഖത്ത് 65 തുന്നല്‍ വേണ്ടിവന്നു. കണ്ണിനും ചെവിക്കും മധ്യത്തില്‍ മാംസം മുറിച്ചുവെച്ചാണ് തുന്നിക്കെട്ടിയത്. മൂക്കിന്റെ ഉള്ളില്‍ പൊട്ടലുണ്ടായി. വായയുടെ ഭാഗം പറിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. മുകള്‍ഭാഗത്തെ മുന്‍ നിര പല്ലുകളും കൊഴിഞ്ഞുപോയി.
ശനിയാഴ്ച രാത്രി പത്തുമണിയോടെ മൗക്കോടിനടുത്ത പൂവത്താങ്കല്ലില്‍ വെച്ചാണ് സംഭവം. റോഡിനുകുറുകെ പോവുകയായിരുന്ന പന്നി പെട്ടെന്ന് തിരിച്ചുവന്ന് ഓട്ടോറിക്ഷയുടെ മേല്‍ ചാടിവീഴുകയായിരുന്നു. ആക്രമണത്തില്‍ പാതിമയക്കിത്തില്‍ താഴേക്ക് തെറിച്ചുവീണ സഹദിനെ കാട്ടുപന്നി തേറ്റ കൊണ്ട് കുത്തി. ഇസ്മായില്‍ ആണ് ആട്ടോറിക്ഷ ഓടിച്ചിരുന്നത്. വണ്ടി മുഴുവന്‍ പന്നി തകര്‍ത്തു. പിന്നീട് ഇരുളില്‍ ഓടിമറഞ്ഞു. ഓട്ടോറിക്ഷ ഉയര്‍ത്തിയാണ് കുട്ടിയെ രക്ഷിച്ചത്. മൗക്കോട് ഗവ. എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സഹദ്.