മാവേലിക്കര: ആദ്യ ഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ചു പുനര്‍വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. 30 പവന്റെ ആഭരണവും 28 ലക്ഷം രൂപയും തട്ടിയെടുത്തതായാണ് പരാതി. ഓട്ടോമൊബൈല്‍ ബിസിനസ് ആണെന്നും എന്‍ജിനീയറിങ് വരെ പഠിച്ചിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ രണ്ടാം വിവാഹം കഴിച്ചത്.
ആദ്യ ഭാര്യ മരിച്ചു പോയെന്നും മനീഷ് പെണ്‍കുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. 2020 ഒക്ടോബര്‍ 27നു കായംകുളത്തിനു സമീപത്തെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹം. ആദ്യ ഭാര്യയെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കോട്ടയം ചെങ്ങളം ഈസ്റ്റ് കാഞ്ഞിരമറ്റം കിഴക്കേമുറി കെ കെമനീഷിനെ (36) ആണു അറസ്റ്റ് ചെയ്തത്.
ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശിനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവി എസ് ജയദേവിനു ഇമെയില്‍ വഴി പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു നടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്.
ബഹ്‌റൈനിലേക്കു പോയ പെണ്‍കുട്ടി കഴിഞ്ഞ മാസം മനീഷിനെയും കൊണ്ടുപോയി. ഒരു കമ്ബനിയില്‍ ജോലി ശരിയാക്കിയെങ്കിലും അഭിമുഖത്തിനു പോകാതെ മനീഷ് ഒഴിഞ്ഞുമാറി. ഇതോടെ സംശയം തോന്നിയ യുവതി നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ആദ്യ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും വിവാഹമോചനം നടത്തിയിട്ടില്ലെന്നും മനസ്സിലായി.
തുടര്‍ന്നു യുവതി എംബസിയുടെ ഇടപെടല്‍ തേടി. എബസി ഇടപെട്ടു മനീഷിനെ നാട്ടിലേക്കു തിരിച്ചയച്ചു. ഇതിനു ശേഷമാണു പെണ്‍കുട്ടി ജില്ലാ പൊലീസ് മേധാവിക്കു പരാതി അയച്ചത്.