തിരുവനന്തപുരം:പൂവാർ കരുംകുളത്തിനടുത്തുള്ള കൊച്ചുതുറയെന്ന തീരദേശ ഗ്രാമത്തിൽ ജനിച്ച ജെനി ജെറോം ശനിയാഴ്ച ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാനം പറത്തിയത് പുതിയ ചരിത്രത്തിലേക്കായിരുന്നു.
ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ അറേബ്യ (G9-449) വിമാനത്തിന്റെ കോ-പൈലറ്റായിരുന്നു കൊച്ചുതുറ സ്വദേശിയായ ജെറോം ജോറിസിന്റെയും ബിയാട്രീസിന്റെയും മകളായ ജെനി. ഒരുപക്ഷേ മലയാളിയായ പ്രായംകുറഞ്ഞ കൊമേഴ്‌സ്യൽ വനിതാപൈലറ്റാകാം ഷാർജയിൽ സ്ഥിരതാമസമാക്കിയ ഈ 23 വയസ്സുകാരി.
ജെനിയും സഹോദരൻ ജെബിയും ജനിച്ചത് മത്സ്യത്തൊഴിലാളികളുടെ ഗ്രാമമായ കൊച്ചുതുറയിലായിരുന്നു. പിന്നീട് പിതാവ് ജെറോം ജോലിക്കായി കുടുംബസമേതം ഷാർജയിലേക്ക് പോയതിനാൽ ജെനിയും സഹോദരനും പഠിച്ചതും വളർന്നതും അവിടെയായിരുന്നു.
സ്‌കൂൾ കാലത്ത് തന്നെ വിമാനം പറപ്പിക്കണമെന്ന മോഹം ജെനി വീട്ടുകാരോട് പങ്കുവച്ചിരുന്നു. ആദ്യം വീട്ടുകാർ അത് ഗൗരവത്തിലെടുത്തിരുന്നില്ല. പ്ലസ് ടു കഴിഞ്ഞതോടെ സ്വന്തം നിലയിൽ തന്നെ തന്റെ സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള പരിശ്രമം തുടങ്ങി. പൈലറ്റാകാനുള്ള ലക്ഷ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിൽ ജെനി ഉറച്ചുനിന്നതോടെ വീട്ടുകാരും അവൾക്ക് ഉറച്ച പിന്തുണ നൽകി. മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തിന് ജെറോമും കുടുംബവും കരുതലോടെ കൂട്ടുനിന്നു.
എയർ അറേബ്യയുടെ ആൽഫാ ഏവിയേഷൻ അക്കാഡമിയിൽ പ്രവേശനം നേടി. പരിശീലനത്തിനിടെ രണ്ടുവർഷം മുൻപ് ഫിലിപ്പൈൻസിൽ പരിശീലന വിമാനം തകർന്നുവീണെങ്കിലും ജെനിയും പരിശീലകനും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ജെനി തന്റെ ലക്ഷ്യത്തിൽ നിന്ന് പിൻമാറിയില്ല. കഠിനമായ പരിശീലനത്തിനൊടുവിൽ ജെനി പൈലറ്റ് ലൈസൻസ് സ്വന്തമാക്കി.
താൻ പഠിച്ചുവളർന്ന ഷാർജയിൽ നിന്ന് ജന്മനാടായ തിരുവനന്തപുരത്തേയ്ക്ക് വിമാനം പറത്തിയെത്തിയ ഈ പെൺകുട്ടി നിശ്ചയദാർഢ്യത്തിലൂടെ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏവർക്കും കഴിയുമെന്നതിന്റെ മാതൃകകൂടിയാണ്. സഹോദരൻ ജെബി ഷാർജയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. തിരുവനന്തപുരത്തിന്റെ തീരദേശ സമൂഹത്തിൽ ജനിച്ച് തന്റെ സ്വപ്‌നങ്ങളിലേക്ക് ചിറക് വിരിച്ച് പറന്ന ഈ പെൺകുട്ടി ഒരു നാടിന്റെയും അഭിമാനമായി മാറുകയാണ്.
ജെനി ജെറോമിെൻറ നേട്ടത്തിൽ അവളെ വാതോരാതെ പുകഴ്ത്തിയിരിക്കുകയാണ് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ഇത്തരം കർമപഥത്തിലേക്ക് സ്ത്രീകൾ കടന്നു വരുന്നത് ഏറെ അഭിമാനം നൽക്കുന്ന ഒന്നാണെന്ന് ശൈലജ ടിച്ചർ പറഞ്ഞു. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച് സാക്ഷാത്കരിക്കുന്ന യുവത്വം വരും തലമുറയ്ക്ക് മാതൃകയാണ്. തീരദേശ മേഖലയായ കൊച്ചുതുറയിൽ നിന്നും വാനോളം ഉയരുകയാണ് ഈ പെൺകരുത്തെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്
ജെനി ജെറോം ഒരു പുതുചരിത്രം കുറിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ആണ് ജെനി. കോവളം കരുംങ്കുളം സ്വദേശിനി ബിയാട്രസിൻ്റെയും, ജറോമിേൻറയും മകളും മാസ് ഷാർജ മെമ്പറുമാണ് ജെനി ജേറോം. ഇത്തരം കർമപഥത്തിലേക്ക് സ്ത്രീകൾ കടന്നു വരുന്നത് ഏറെ അഭിമാനം നൽക്കുന്ന ഒന്നാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെനിക്ക് പൈലറ്റായി മാറണം എന്ന ആഗ്രഹം ജനിക്കുന്നത്. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച് സാക്ഷാത്കരിക്കുന്ന യുവത്വം വരും തലമുറയ്ക്ക് മാതൃകയാണ്. തീരദേശ മേഖലയായ കൊച്ചുതുറയിൽ നിന്നും വാനോളം ഉയരുകയാണ് ഈ പെൺകരുത്ത്.
ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ (G9-449) ഫ്ലൈറ്റിൻ്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് ജെനി യാത്ര തിരിക്കുന്നു. ജെനി ജറോമിന് എല്ലാവിധ ആശംസകളും നേരുന്നു.