തിരുവനന്തപുരം:സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് അടുക്കളകളെ ബാധിക്കാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്കരിച്ചത്. ലോക്ഡൗൺ ഘട്ടത്തിലും പിന്നീടും അതെല്ലാ കുടുംബങ്ങൾക്കുമായി വിതരണം ചെയ്തു. 85 ലക്ഷം കുടുംബങ്ങൾ അതിന്റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുളള തുകയും ഭക്ഷ്യ വകുപ്പിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്.
ഈ മാസവും അത് തുടരുകയാണ്. എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ അരിവിതരണം നേരത്തേ ലോക്ഡൗൺ ഘട്ടത്തിൽ നടത്തുകയുണ്ടായി. അഗതി മന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കഴിഞ്ഞു അതിഥി തൊഴിലാളികൾക്ക് അവർക്കാവശ്യമുളള സാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. ഇത്തവണയും അവർക്കുളള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്.’
കഴിഞ്ഞ തവണ നടപ്പാക്കിയ ചില പദ്ധതികൾ വീണ്ടും തുടരാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘ക്ഷേമപെൻഷനുകൾ വർധിപ്പിച്ചും കൃത്യമായി വിതരണം ചെയ്തും പ്രതിസന്ധി തരണം ചെയ്യാനായിരുന്നു ശ്രമിച്ചത്. പെൻഷൻ ലഭ്യമാകാത്തവർക്ക് പ്രത്യേക ധനസഹായവും നൽകി. അന്ന് നടത്തിയ കാർഷിക മേഖലകളിലെ ഇടപെടൽ സുഭിക്ഷ കേരളം പദ്ധതി എത്രത്തോളം വിജയമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതാണ്.
ആളുകൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കാനും കുറഞ്ഞ ചെലവിൽ കുടുംബശ്രീ ഹോട്ടലുകൾക്ക് തുടക്കമിട്ടു. ഈ കുടുംബശ്രീ ഹോട്ടലുകളാണ് ഈ രണ്ടാം ലോക്ഡൗണിൽ നമ്മുടെ ജനങ്ങൾക്ക് ആശ്വാസമേകുന്നത്. കുടുംബശ്രീയുടെ പലിശ രഹിത വായ്പാ പദ്ധതിയും സഹായകമായി. ഇത്തരം ഇടപെടലുകൾ തുടരണമെന്നാണ് ഉദ്ദേശിക്കുന്നത്.’ മുഖ്യമന്ത്രി പറഞ്ഞു.
മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം വേഗത്തിൽ നൽകും. ക്ഷേമ നിധി ബോർഡുകളിൽ അംഗങ്ങൾ ആയവർക് 1000 രൂപ വീതം നൽകും.
ക്ഷേമ നിധി സഹായം കിട്ടാതെ ബിപിഎല്‍ കുടുംബങ്ങൾക് ഒറ്റ തവണയായി ആയിരം രൂപ നൽകും. അംഗൻവാടി ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി വിശദമാക്കി. കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി വഴി വായ്പ മുൻകൂർ ആയി നൽകും. 76 കോടി രൂപ മുൻകൂർ ആയി അയൽക്കൂട്ടങ്ങൾക്ക് നല്‍കും. വസ്തു നികുതി ടൂറിസം നികുതി എന്നിവക്കുള്ള സമയം കൂട്ടുമെന്നും മുഖ്യമന്ത്രി വിശദമാക്കി.