കോട്ടയം:കേരളാ കോണ്‍ഗ്രസ്സിലെ സമവായത്തിനും ഐക്യത്തിനുമായി നടന്ന പരിശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് ജോസഫ് വിഭാഗമാണെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പാര്‍ലമെന്ററി പാര്‍ട്ടിയില്‍പ്പോലും കൂടിയാലോചന നടത്താതെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയ മോന്‍സ് ജോസഫിന്റെ നടപടിയാണ് യോജിപ്പിന്റെ അന്തരീക്ഷം തകരുന്നതിന് തുടക്കം കുറിച്ചത്. സമവായത്തിനായി നില്‍ക്കുന്നു എന്ന പ്രതീതി പ്രസ്ഥാവനകളിലൂടെ സൃഷ്ടിക്കുമ്പോള്‍ തന്നെ ചെയര്‍മാനായി സ്വയം അവരോധിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കിയതും എല്ലാ സംഘടനാ മര്യാധകളും ലംഘിച്ചുകൊണ്ട് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതും ജോസഫ് വിഭാഗമാണ്. യു.ഡി.എഫ് നേതൃത്വം മുന്‍കൈയ്യെടുത്ത് സമവായ സാധ്യതകള്‍ക്കായി പരിശ്രമം തുടരുന്നതിനിടെ തങ്ങള്‍ അനുരഞ്ജനത്തിനില്ല എന്ന പരസ്യപ്രസ്ഥാവനയുമായി രംഗത്തുവന്നവരുടേതാണ് യഥാര്‍തഥ ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയും. ജനാധിപത്യപരമായി ചെയര്‍മാനായി ജോസ്കെ .മാണിയെ തെരെഞ്ഞെടുക്കപ്പെടുമ്പോള്‍ തന്നെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി പി.ജെ ജോസഫിനെ അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. ഈ നിലപാട് സ്വീകരിച്ചിട്ടും ജോസഫ് വിഭാഗം കാണിക്കുന്ന പിടിവാശിയാണ് അനുരഞ്ജന ശ്രമങ്ങളെ ഇല്ലാതാക്കിയെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു