ന്യൂഡല്‍ഹി: ഇനി മുതല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ നല്‍കേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിലാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും ആംബുലന്‍സുകളുടെ വഴി തടസപ്പെടുത്തിയാലും മദ്യപിച്ച് വാഹനം ഓടിച്ചാലും 10000 രൂപ വീതം പിഴ ഈടാക്കാനാണ് നിര്‍ദേശം. 18 സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാരുടേതാണ് ഈ ഭേദഗതി നിര്‍ദേശങ്ങള്‍.
പുതുക്കിയ ഈ ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍
പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്ട്രേഷന്‍ റദ്ദാക്കും
വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം.
അപകടത്തില്‍പ്പെടുന്നയാളെ രക്ഷിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ
അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുമ്പും ശേഷവും പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ
അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.