ഇനി മുതല്‍ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശിക്കില്ലെന്ന് ഫേസ്ബുക്ക്. രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങളില്‍ ഫേസ്ബുക്കിലെ സമ്മര്‍ദ്ദം ഒഴിവാക്കാനാണ് നടപടി. ഒപ്പം, ഫേസ്ബുക്ക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഗ്രൂപ്പുകള്‍ കൂടുതല്‍ പേരിലേക്ക് എത്താതിരിക്കാനും ഫേസ്ബുക്ക് നടപടി സ്വീകരിക്കും. അല്‍ഗോരിതം ഉപയോഗിച്ച് ഇത്തരം ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിക്കുന്നത് നിയന്ത്രിക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.
സമാന ചിന്താഗതി ഉള്ളവര്‍ക്ക് ഒരുമിച്ച് കൂടാവുന്ന ഇടമെന്ന നിലയിലാണ് ഗ്രൂപ്പുകളെ ഫേസ്ബുക്ക് കാണുന്നത്. ഗ്രൂപ്പുകളില്‍ തങ്ങള്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ഗ്രൂപ്പുകള്‍ വഴി വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ‘ഗ്രൂപ്പ് കളിക്ക്’ കടിഞ്ഞാണിടാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നത്.
നേരത്തെ, രാഷ്ട്രീയ പോസ്റ്റുകള്‍ ടൈംലൈനില്‍ നിന്ന് കുറയ്ക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നതായി ഫേസ്ബുക്ക് പറഞ്ഞിരുന്നു. ഇതും പുതിയ നീക്കത്തിനു പ്രചോദനമായി. ഇനി രൂപീകരിക്കപ്പെടുന്ന ഗ്രൂപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശിക്കണമെങ്കില്‍ 21 ദിവസം കാത്തിരിക്കേണ്ടി വരും. ഈ ഗ്രൂപ്പ് എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കി മാത്രമേ ഫേസ്ബുക്ക് തീരുമാനം എടുക്കൂ.