കൊച്ചി: പട്ടരുടെ മട്ടന്‍ കറി എന്ന സിനിമയ്‌ക്കെതിരെ കേരള ബ്രാഹ്മണ സഭ (ഓള്‍ കേരള ബ്രാഹ്മിണ്‍സ് അസോസിയേഷന്‍) രംഗത്ത്. ചിത്രത്തിന്റെ പേര് ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ പറയുന്നു. ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് പ്രസിഡന്റ് കരിമ്പുഴ രാമന്‍ സെന്‍സര്‍ ബോര്‍ഡിനു കത്തയച്ചിട്ടുണ്ട്. അതേസമയം, ചിത്രത്തിന്റെ പേര് പിന്‍വലിച്ചെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അര്‍ജുന്‍ ബാബു അറിയിച്ചു എന്ന് ബ്രാഹ്മണ സഭ ജനറല്‍ സെക്രട്ടറി എന്‍വി ശിവരാമകൃഷ്ണന്‍ പറഞ്ഞു.
പട്ടര്‍ എന്ന പേരു തന്നെ ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ പറയുന്നു. ബ്രാഹ്മണര്‍ സസ്യാഹാരികള്‍ ആയതുകൊണ്ട് തന്നെ പട്ടരിനൊപ്പം മട്ടണ്‍ കറി എന്ന വാക്ക് ഉപയോഗിക്കുന്നത് ബ്രാഹ്മണരെ അപമാനിക്കാനാണ്. അതിനാല്‍ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും നല്‍കിയെങ്കില്‍ അത് റദ്ദാക്കണം എന്നുമാണ് ആവശ്യം.
പ്രശ്‌നങ്ങളില്‍ അങ്ങനെ പ്രതികരിക്കാത്ത ഒരു വിഭാഗമാണ് തങ്ങള്‍ എന്ന് ബ്രാഹ്മണ സഭ ജനറല്‍ സെക്രട്ടറി എന്‍വി ശിവരാമകൃഷ്ണന്‍ പറഞ്ഞു. ആര്‍ക്കും എന്തും പറയാമെന്ന സ്ഥിതി ആയിരിക്കുന്നു എന്ന് തോന്നിയതിനാലാണ് കത്തയച്ചത്. സെന്‍സര്‍ ബോര്‍ഡുമായി സംസാരിച്ചിരുന്നു. പേര് പിന്‍വലിച്ചു എന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. സിനിമയില്‍ ബ്രാഹ്മണര്‍ക്കെതിരെ ഒന്നും ഉണ്ടാവരുതെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കാസ്‌കേഡ് ആഡ് ഫിലിംസിന്റെ ബാനറില്‍ ബ്ലാക്ക് മുണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടന്‍ കറി. അര്‍ജുന്‍ ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് സുഘോഷ് തന്നെ ആണ്. ആനന്ദ് വിജയ്, സുമേഷ്, നിഷ, രേഷ്മ മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.