ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ലതിക സുഭാഷ്

കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ലതിക സുഭാഷ്. തീരുമാനവുമായി മുന്നോട്ടുപോകും. പിന്‍വാങ്ങാന്‍ വേണ്ടിയല്ല സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും ലതിക സുഭാഷ് വ്യക്തമാക്കി. വിജയിക്കാനാണ് മത്സരിക്കുന്നതെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് പറഞ്ഞു. യുഡിഎഫിനെ വെല്ലുവിളിച്ചാല്‍ ലതിക സുഭാഷിന് നിലനില്‍പ്പേ ഉണ്ടാകില്ല. ലതികയുടെ വിമതവേഷം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രിന്‍സ് ലൂക്കോസ് അവകാശപ്പെടുന്നു.

യുഡിഎഫ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ആര് അതിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കിയാലും കഴിയില്ല. വ്യക്തികള്‍ക്കല്ല പ്രാധാന്യം. പ്രസ്ഥാനത്തിനാണ്. ആ പ്രസ്ഥാനത്തെ വെല്ലുവിളിക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ ഒറ്റപ്പെടുമെന്നും പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍ എം.പി രംഗത്ത് എത്തിയിട്ടുണ്ട്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത് ഇഷ്ടത്തോടെയല്ലെന്നും ഈ സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാനാണെന്നും സുധാകരന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുടെ ഇഷ്ടക്കാരെ സ്ഥാനാര്‍ഥി പട്ടികയില്‍ തിരുകി കയറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ പ്രത്യാശ നഷ്ടമായി. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു.

മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്റെ തലയില്‍ കയറുന്ന അവസ്ഥയുണ്ടാകരുത്. ഘടക കക്ഷികളെ നിയന്ത്രിക്കുന്നവരാകണം കെപിസിസി നേതൃത്വത്തിലുണ്ടാകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

തീരുമാനമെടുക്കുന്ന നേതാക്കന്മാരുടെ ഭാഗത്താണ് പ്രശ്‌നം. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാത്ത സമീപനമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായത്. ഗോപിനാഥിന്റെ പ്രശ്‌നം പരിഹരിക്കാന്‍ തുടക്കത്തില്‍ തന്നെ സാധിക്കുമായിരുന്നു. അതിന് മെനക്കെടാന്‍ നേതൃത്വത്തിന് സമയമില്ല.

ലതികാ സുഭാഷിന്റെ വികാരത്തോട് എല്ലാവരും ഐക്യപ്പെട്ടു. അവരുടെ ആവശ്യം ന്യായമാണെന്ന തോന്നല്‍ എല്ലാ പ്രവര്‍ത്തകരിലുമുണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News