കോഴിക്കോട്: എലത്തൂര്‍ മണ്ഡലം മാണി സി കാപ്പന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. എലത്തൂര്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. മണ്ഡലത്തില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങാനാണ് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹികളുടെ തീരുമാനം. എലത്തൂരില്‍ എന്‍സികെയുടെ സുള്‍ഫിക്കര്‍ മയൂരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
എലത്തൂര്‍ മണ്ഡലത്തില്‍ എന്‍സികെയുടെ പ്രവര്‍ത്തകരില്ലെന്നും അതിനാല്‍ ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നുമാണ് ആവശ്യം. നേരത്തെയും ഇത്തരത്തിലുള്ള ആവശ്യം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെയോടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിഷയത്തില്‍ പരസ്യമായി പ്രതിഷേധ പ്രകടനം നടത്തുന്നതിനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
അതേസമയം അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ നേമത്ത് കെ. മുരളീധരന്‍ എം.പി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നു സൂചന. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ത്തന്നെ മല്‍സരത്തിനിറങ്ങും. തൃപ്പൂണിത്തുറയില്‍ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയില്‍ പി.സി. വിഷ്ണുനാഥും മല്‍സരിക്കുമെന്നും വിവരമുണ്ട്. പട്ടാമ്പി, നിലമ്പൂര്‍ ഒഴികെയുള്ള സീറ്റുകളില്‍ പ്രഖ്യാപനം ഇന്ന് നടക്കും.
അഭിമാനപ്പോരാട്ടത്തിലൂടെ ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലം അടുത്തിടെ മികച്ച പോരാട്ടത്തിലൂടെ കൈക്കലാക്കിയ കെ.മുരളീധരനെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്കെതിരെ നേമത്തും ശക്തമായ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം. കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് ഡല്‍ഹിയില്‍ പുറത്തിറങ്ങും. ഇതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിയും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണരംഗത്ത് ഒരടി മുന്നിലെത്തിക്കഴിഞ്ഞു. എന്നാല്‍, സാധ്യതാപ്പട്ടികയുടെ പേരില്‍തന്നെ യു.ഡി.എഫില്‍ പലയിടത്തും പ്രതിഷേധം തുടരുകയാണ്. ചിട്ടയായ സംഘടനാപ്രവര്‍ത്തനമുള്ള മുസ്ലിം ലീഗില്‍ സംസ്ഥാന സെക്രട്ടറിവരെ പ്രതിഷേധത്തിന്റെ നോവറിഞ്ഞു. എല്ലാം മൂന്നോ നാലോ ആളുകള്‍ ചേര്‍ന്ന് തീരുമാനിക്കുന്നു എന്നതാണ് കോണ്‍ഗ്രസിലെ വിമര്‍ശനം.
ഇഷ്ടപ്പെട്ട നേതാക്കളെ അവര്‍ ആഗ്രഹിച്ച മണ്ഡലത്തില്‍ പരിഗണിക്കുന്നില്ലെന്നതാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്ക് പകരം നേമത്തായിരിക്കും മത്സരിക്കുന്നതെന്ന വാര്‍ത്ത ശനിയാഴ്ച വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ഒരു പ്രവര്‍ത്തകന്‍ വീടിന് മുകളില്‍ക്കയറി ആത്മഹത്യഭീഷണിവരെ ഉയര്‍ത്തി.