കണ്ണൂര്‍:നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരിലെത്തും. ജന്മനാട്ടില്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന സ്വീകരണത്തോടെയാണ് എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. മൂന്ന് മണിക്ക് മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന മുഖ്യമന്ത്രിയെ റെഡ് വൊളന്റിയര്‍മാരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിലേക്ക് ആനയിക്കും.
ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യവും മുഖ്യമന്ത്രിയുടെ ചിത്രവും ധരിച്ചാകും വോളന്റീയര്‍മാര്‍ ഇരുചക്രവാഹനത്തില്‍ അകമ്പടി സേവിക്കുക. വൈകീട്ട് അഞ്ച് മണിക്ക് പിണറായി കണ്‍വെന്‍ഷനില്‍ ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരാനിരിക്കുകയാണ്. സംസ്ഥാന സമിതി അംഗീകാരം നല്‍കിയ പല സ്ഥാനാര്‍ത്ഥികളുടെ പേരുകളിലും ജില്ലാ സെക്രട്ടറിയേറ്റുകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍, തര്‍ക്ക മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ തീര്‍പ്പ് കല്‍പിക്കും.
ഡോ. പി കെ ജമീലയുടെ പേര് വന്ന തരൂര്‍, അരുവിക്കര , പൊന്നാനി, ഒറ്റപ്പാലം, കൊയിലാണ്ടി തുടങ്ങിയവയാണ് തര്‍ക്കം നിലനില്‍ക്കുന്ന പ്രധാന സീറ്റുകള്‍. ഇന്ന് തന്നെ അന്തിമ പട്ടികക്ക് രൂപം നല്‍കി ബുധനാഴ്ചയോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഎം നീക്കം. റാന്നി, ചാലക്കുടി അടക്കം ഉറച്ച സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കുന്നതിലും എതിര്‍പ്പ് നിലനില്‍ക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ടേം വ്യവസ്ഥയില്‍ ഇളവുണ്ടാകില്ലെന്ന് ജില്ലാ യോഗങ്ങളില്‍ തന്നെ സംസ്ഥാന നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.