FeaturedKeralaNews

ബിനീഷ് എന്തുകൊണ്ട് ജയിലിലായി?തുറന്നുപറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മകന്‍ ബിനീഷിനെ എങ്ങനെയെങ്കിലും ജയിലിലാക്കാനാണ് കള്ളപ്പണക്കേസില്‍ കുടുക്കിയതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ആദ്യം മയക്കുമരുന്ന് കേസിന്റെ കാര്യം പറഞ്ഞാണ് അറസ്റ്റ് ചെയതത്. എന്നാല്‍ കുറ്റപത്രത്തില്‍ ബിനീഷിന്റെ പേരില്ലായിരുന്നു പിന്നീട് കള്ളപ്പണക്കേസില്‍ കുടുക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ ആരെയും ജയിലില്‍ അടയ്ക്കാമെന്നും കോടിയേരി അഭിമുഖത്തില്‍ പറഞ്ഞു.

”ബിനീഷിനെ ആദ്യം അറസ്റ്റു ചെയ്തപ്പോള്‍ മയക്കുമരുന്നു കേസിന്റെ കാര്യം പറഞ്ഞു. ഇപ്പോള്‍ കുറ്റപത്രം കൊടുത്തപ്പോള്‍ അതില്‍ അയാളുടെ പേരില്ല. പിന്നെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ്. അപ്പോള്‍ അതില്‍ പെടുത്തി. എങ്ങനെയും ജയിലില്‍ അടയ്ക്കണം. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ ആരെയും ജയിലില്‍ ഇടാമല്ലോ. കേന്ദ്ര ഏജന്‍സികളെ പല രീതിയില്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായ കാര്യമാണു ബിനീഷിനെതിരെയും ഉണ്ടായത് എന്ന് ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്. അവശേഷിക്കുന്ന കേസില്‍ ഹൈക്കോടതിക്കു മുന്നില്‍ ജാമ്യാപേക്ഷ കൊടുക്കാനിരിക്കുകയാണ്.”

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന് നല്‍കിയെന്ന കസ്റ്റംസ് ആരോപണത്തോടും കോടിയേരി പ്രതികരിച്ചു. മലീമസമായ പ്രചാരണങ്ങളും കള്ളക്കഥകളും ഇനിയുള്ള ദിവസങ്ങളിലുമുണ്ടാകുമെന്ന് കോടിയേരി പറഞ്ഞു. തന്റെ കുടുംബത്തിനെതിരെ പുതിയ കഥ ഉണ്ടാക്കിയത് അതിന്റെ ഭാഗമാണെന്ന് കോടിയേരി ആരോപിച്ചു.

“സ്വപ്ന സുരേഷിനെ ഒരിക്കലും കണ്ടിട്ടില്ല. സാധാരണ ഗതിയില്‍ ഭരണരംഗത്ത് ഇടപെടുമ്പോഴാണ് ഇത്തരക്കാരുമായി ബന്ധമുണ്ടാകുക. എനിക്കോ വിനോദിനിക്കോ അങ്ങനെ ഉണ്ടായിട്ടില്ല. കോണ്‍സുലേറ്റ് ജനറല്‍, സ്വപ്നാ സുരേഷ്, സന്തോഷ് ഈപ്പന്‍ ഈ മൂന്നുപേരേയും തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇഡിയേയും കസ്റ്റംസിനേയും എല്ലാം ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും പല നേതാക്കളേയും ബിജെപിയാക്കി മാറ്റി. മകനെ പിടിച്ചു ജയിലില്‍ വെയ്ക്കും, ഭാര്യയെ ഭയപ്പെടുത്തും, ഇതെല്ലാം അവര്‍ ചെയ്യും.”

“കേരളത്തില്‍ ആരും അങ്ങനെ ഭയപ്പെടില്ല. രാഷ്ട്രീയ നിലപാട് മാറില്ല എന്റെ കുടുംബം തകരാനും പോകുന്നില്ല. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും എതിരെ നീങ്ങിയതിനൊപ്പം പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമായവര്‍ക്കെതിരേയും നീങ്ങുകയാണ്.” തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇത്തരം കഥകള്‍ തുടരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker