KeralaNews

പല പ്രമുഖ ചാനലുകളും സിനിമ നിരസിച്ചു, സിനിമ ഹിറ്റാക്കിയത് പെണ്ണുങ്ങള്‍; നന്ദി പറഞ്ഞ് ജിയോ ബേബി

അടുത്തിടെ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ ചിത്രമാണ് ജിയോ ബേബിയുടെ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ നേടി. സിനിമയുടെ രാഷ്ട്രീയം കാരണം പല പ്രമുഖ ചാനലുകളും ചിത്രം നിരസിച്ചതായും പിന്നീട് സിനിമ ഹിറ്റാക്കിയത് ഇവിടുത്തെ പെണ്ണുങ്ങളാണെന്നും പറയുകയാണ് സംവിധായകന്‍ ജിയോ ബേബി.

ചിത്രം അമ്പത് ദിവസം പൂര്‍ത്തിയാക്കിയ വേളയിലാണ് ഫേസ്ബുക്കിലൂടെ ജിയോ ബേബി ഇതേകുറിച്ച് പറഞ്ഞത്.പല ടിവി ചാനലുകളിലേയും തലപ്പത്തുള്ള സ്ത്രീകള്‍ സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അവര്‍ അനുകൂലമായി സംസാരിച്ചാല്‍ സിനിമ എടുക്കില്ലെന്ന് പറഞ്ഞതായും മാധ്യമ മേഖലയിലെ സ്ത്രീ വിവേചനമാണ് ഇത് കാണിക്കുന്നതെന്നും സംവിധായകന്‍ കുറിക്കുന്നു.

ജിയോ ബേബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

മഹത്തായ പ്രേക്ഷകര്‍…

പ്രമുഖ ചാനലുകള്‍ നിരസിച്ച സിനിമ.. അവര്‍ക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം.. സിനിമ കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് ടി.വി ചാനലിലെ പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകള്‍ പറഞ്ഞു. അപ്പോള്‍ അവരോടു ഞാന്‍ ചോദിച്ചു എന്നാല്‍ നിങ്ങള്‍ക്ക് ഒന്നു കാര്യമായി സംസാരിച്ചുകൂടേ ഈ സിനിമക്ക് വേണ്ടി..ഞങ്ങള്‍ പെണ്ണുങ്ങള്‍ പറഞ്ഞാല്‍ ആ കാരണം കൊണ്ട് തന്നെ നടക്കില്ല എന്നായിരുന്നു മറുപടി.

സ്ത്രീ വിവേചനത്തിന്റെ മീഡിയ ഇടങ്ങള്‍. ഒരു ചാനല്‍ തലവന്‍ നിര്‍മ്മാതാവ് @jomonspisc നോട് പറഞ്ഞത്, ഈ സിനിമ ടീവിയില്‍ കാണിക്കാന്‍ പറ്റില്ല എന്നാണ്, പാത്രം കഴുകുമ്പോള്‍ പരസ്യം ഇട്ടാല്‍ പരസ്യം കഴിഞ്ഞു വരുംമ്പോളും വീണ്ടും പാത്രം കഴുകല്‍ ആണ് എന്നാണ്. മാത്രമല്ല സിനിമയുടെ തിരക്കഥ തന്നെ പ്രശ്നം ആണെന്നാണ്. ഇനി സിനിമ ചെയ്യുമ്പോള്‍ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാല്‍ തിരുത്തലുകള്‍ പറയാമെന്നും പറഞ്ഞു.

വമ്പന്‍ ഒ.ടി.ടികള്‍ സിനിമ കണ്ടും കാണാതെയും ഒക്കെ നിരസിക്കുന്നു. ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു തളര്‍ന്നുപോയ ദിവസങ്ങള്‍… ഒടുവില്‍ ഞങ്ങളുടെ അന്വേഷണം Neestreamല്‍ എത്തുന്നു അവര്‍ കട്ടക്ക് കൂടെ കൂടുന്നു…സിനിമ നിങ്ങളിലേക്ക്…ബാക്കി ഒക്കെ ചെയ്തത് നിങ്ങളാണ് പ്രത്യേകിച്ച് പെണ്ണുങ്ങളാണ്..നിങ്ങള്‍ മാറ്റി മറിച്ചിട്ടത് ഇവിടുത്തെ കൊലകൊമ്പന്‍ കോര്‍പറേറ്റുകളുടെ മൂഢ ചിന്തകളെ ആണ്… ഞങ്ങളാണ് അവസാനം എന്നു കരുതി തലപ്പത്തിരുന്നു തീരുമാനങ്ങള്‍ എടുക്കുന്ന ആണ്‍ ബോധ്യങ്ങളേ ആണ്…

സിനിമ വേണ്ട എന്നു പറഞ്ഞവര്‍ അപേക്ഷയുടെ സ്വരമായി പിന്നാലെ വരുന്ന മനോഹരമായ കാഴ്ച ഞങ്ങള്‍ക്ക് സമ്മാനിച്ചത് നിങ്ങള്‍ ആണ്…ലോക മാധ്യമങ്ങള്‍ സിനിമയെ വാഴ്ത്തി…തമിഴ് തെലുങ്കു റീമേക്ക് അവകാശങ്ങള്‍ വിറ്റു.. ഹിന്ദിയുടെ സംസാരങ്ങള്‍ നടക്കുന്നു…കേവലം ഒരു നന്ദി പറച്ചിലില്‍ നിങ്ങളോടുള്ള കടപ്പാട് തീര്‍ക്കാന്‍ ആവില്ല ഞങ്ങള്‍ക്ക്…കടങ്ങളേ തീര്‍ക്കാന്‍ ആവൂ കടപ്പാടുകള്‍ ബാക്കി ആണ്…പ്രേക്ഷകരെ നിങ്ങള്‍ ആണ് മഹത്തായവര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker