പാലക്കാട്: ജില്ലാ നേതൃത്വം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിൽ പാലക്കാട്ടെ തരൂര്‍ സീറ്റിൽ സ്ഥാനാര്‍ത്ഥിയായി ജമീലയെ പരിഗണിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പി.കെ.ജമീലയെ മത്സരിപ്പിക്കുന്നത് തരൂരിലേയും മറ്റു മണ്ഡലങ്ങളിലേയും വിജയസാധ്യതയെ ബാധിക്കുമെന്ന നിലപാട് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും നേതൃത്വം ആവര്‍ത്തിച്ചതോടെയാണ് മുൻതീരുമാനത്തിൽ നിന്നും പാര്‍ട്ടി പിന്നോട്ട് പോകുന്നത്.
നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ.ശാന്തകുമാരിയെ ആയിരുന്നു തരൂരിലേക്ക് സിപിഎം പരിഗണിച്ചതെങ്കിൽ ഡിവൈഎഫ്ഐ നേതാവ് പി.പി.സുമോദിനെ തരൂരിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്. അഡ്വ.ശാന്തകുമാരിയെ കോങ്ങാട് സീറ്റിൽ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും ഉച്ചയോടെ തരൂര്‍ മണ്ഡലത്തിൽ വ്യാപകമായും പി.കെ.ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു.
പ്രാദേശികമായും അണികൾക്കിടയിലും ഇത്ര ശക്തമായ എതിര്‍വികാരം നിലനിൽക്കവേ അതിനെ അവഗണിച്ച് ജമീലയെ ഇറക്കിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ സമിതിയിലും നടന്ന ചര്‍ച്ചകളിൽ ഭൂരിപക്ഷം നേതാക്കളും പറഞ്ഞതെന്നാണ് സൂചന. ഇതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ പാര്‍ട്ടി തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തിൽ സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടര്‍ന്നാണ് ജമീലയുടെ പേര് തരൂരിലേക്ക് പരിഗണിച്ചതെന്നാണ് സൂചന