തിരുവനന്തപുരം: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും തിരുപ്പൂരിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നത്. അപടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. സംഭവ സ്ഥലത്തുള്ള പാലക്കാട് ഡിടിഒയുടെ നമ്പറാണിത്. തിരുപ്പുര്‍ ജില്ലാ കളക്ടറുമായി സഹകരിച്ചു സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തില്‍ ആകെ 20 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് തിരുപ്പുര്‍ എസ്പി അറിയിച്ചു. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ കൃത്യമായി പുറത്തുവിട്ടിട്ടില്ല. കോയമ്പത്തൂര്‍ അവിനാശി റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ബംഗളുരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് അമിത വേഗതയില്‍ ഡിവൈഡര്‍ മറികടന്നു നിയന്ത്രണംവിട്ടുവന്ന കണ്ടെയ്‌നര്‍ ടൈല്‍ ലോറി ഇടിച്ചുകയറുകയായിരുന്നു.