വി.എസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. വിജിലന്‍സ് സ്‌പെഷല്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണു ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ട് ആഭ്യന്തരസെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന് ഗവര്‍ണര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. ശിവകുമാറിനെ കൂടാതെ ശിവകുമാറിന്റെ ബിനാമികള്‍ എന്നാരോപിക്കപ്പെടുന്ന ശാന്തിവിള രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജു ഹരന്‍, സുഹൃത്ത് അഡ്വ. എന്‍.എസ്. ഹരികുമാര്‍ എന്നിവരുടെ സ്വത്ത് വിവരങ്ങളും വിജിലന്‍സ് അന്വേഷിക്കും.

മന്ത്രിയായിരിക്കെ ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് ശിവകുമാറും അടുത്ത ബന്ധുക്കളും ജീവനക്കാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതില്‍ നാലു പേര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News