തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്‌ന ബാധിത ബൂത്തുകളില്‍ കേരള പോലീസിന്റെ സേവനം ഒഴിവാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇവിടങ്ങളില്‍ കേന്ദ്രസേനയെയായിരിക്കും നിയോഗിക്കുക. കേരള പോലീസ് ബൂത്തിനു പുറത്തായിരിക്കും നില്‍ക്കുകയെന്നും ടിക്കാറാം മീണ അറിയിച്ചു.
കള്ളവോട്ട് തടയാന്‍ വെബ്കാസ്റ്റിംഗ് ശക്തവും വ്യാപകവുമാക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ കള്ളവോട്ട് തടയണം. മിണ്ടാപ്രാണികളെ പോലെ നോക്കിയിരിക്കരുത്. ഇപ്പോഴുള്ള സര്‍ക്കാരിനെയോ വരാന്‍പോകുന്ന സര്‍ക്കാരിനേയോ ഭയക്കേണ്ടതില്ല. ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെടും. പ്രചാരണത്തിനായി ജാതി, മതപരമായ കാര്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല. ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ നോമിനേഷന്‍ കൊടുക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ വെളിപ്പെടുത്തണം.
കേരളത്തില്‍ ഏപ്രില്‍ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ഒന്നിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 20 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22.
മലപ്പുറം ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.