കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ കേസ് എന്‍.ഐ.എക്ക് വിടേണ്ടതില്ലെന്ന് കാട്ടി മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ച സംഭവത്തില്‍ പ്രതിപക്ഷത്തിന് അഭിനന്ദനവുമായി നടന്‍ ജോയ് മാത്യൂ. ‘പത്തൊന്‍പതും ഇരുപതും വയസ്സുള്ള അലന്‍ -താഹ എന്നീ വിദ്യാര്‍ത്ഥികള്‍ എന്ത് രാജ്യദ്രോഹമാണ് ചെയ്തത് എന്ന് ഉശിരോടെ നിയമസഭയില്‍ ചോദിച്ചു വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന് സല്യൂട്ട്.’എന്ന് ജോയ് മാത്യൂ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പ്രതിപക്ഷം ഉണര്‍ന്നിരിക്കുന്നിടത്തോളം കാലം ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ ഒരു ഭരണാധികാരിക്ക് കഴിയില്ലെന്ന് ഒറ്റ ദിവസം കൊണ്ട് തെളിഞ്ഞുവെന്നും ജോയ് മാത്യൂ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
മുഖ്യമന്ത്രിയെ തിരുത്തിയ പ്രതിപക്ഷം
പത്തൊന്‍പതും ഇരുപതും വയസ്സുള്ള അലന്‍ -താഹ എന്നീ വിദ്യാര്‍ത്ഥികള്‍ എന്ത് രാജ്യദ്രോഹമാണ് ചെയ്തത് എന്ന് ഉശിരോടെ നിയമസഭയില്‍ ചോദിച്ചു വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന് സല്യൂട്ട് .
പ്രതിപക്ഷം ഉണര്‍ന്നിരിക്കുന്ന കാലത്തോളം ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല എന്ന് ഒറ്റദിവസം കൊണ്ട് തെളിഞ്ഞു .
സ്വന്തം മക്കളെ സമരമുഖങ്ങളിലൊന്നും നിര്‍ത്താതെ സുരക്ഷിതമായ ഇടങ്ങളില്‍ കൊണ്ടിരുത്തി സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ പോലീസിന്റെ ലാത്തിക്കും ജലപീരങ്കിക്കും ചിലപ്പോഴെല്ലാം വെടിയുണ്ടകള്‍ക്കും മുന്നിലേക്ക് നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരസ്ഥാനത്ത് അമര്‍ന്നിരിക്കാന്‍ തിടുക്കപ്പെടുന്ന
വിപ്ലവകാരികള്‍ (!)ഭരിക്കുന്ന നാടാണത്രെ കേരളം .
അലനും താഹയും എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിക്കുന്ന പ്രതിപക്ഷ നേതാക്കളായ രമേശ് ചെന്നിത്തലയോടും എം കെ മുനീറിനോടും ധീരന്‍ ഇരട്ട ചങ്കന്‍ എന്ന് ജനം മക്കാറാക്കി വിളിക്കുന്ന മുഖ്യമന്ത്രി ചോദിച്ചത് ഈ കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കാലു പിടിക്കണമോ എന്നാണ് .
വേണ്ട സാര്‍ അങ്ങയുടെ പാര്‍ട്ടിക്ക് വേണ്ടി സര്‍വ്വവും സമര്‍പ്പിച്ച കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട സാവിത്രി ടീച്ചറുടെ പേരക്കുട്ടിയാണ് അലന്‍ ,അമ്മൂമ്മ വായിച്ച മാര്‍ക്‌സിസ്‌റ് പുസ്തകങ്ങള്‍ തന്നെയാണ് അലനും വായിച്ചത് ചിലപ്പോള്‍ അതില്‍ കൂടുതലും .അതൊരു തെറ്റാണോ ?
വകുപ്പുകള്‍ വായിച്ചു മുഖ്യമന്ത്രിയെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ച ഡോ മുനീറിനോട് ”ഞാന്‍ അമിത് ഷായോട് ചോദിക്കണോ ‘ എന്ന് രോഷം കൊള്ളുകയാണ് നമ്മുടെ മുഖ്യന്‍ ചെയ്തത് .അല്ല സാര്‍ ഒരു സംശയം ,കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്
അമിത് ഷാ
അദ്ദേഹത്തോട് ചോദിക്കുന്നതില്‍ എന്താണ് തെറ്റ് ?
ചെക്ക് കേസില്‍ അജ്മാന്‍ ജയിലില്‍ കിടക്കേണ്ടിവന്ന ബി ജെ പി കൂട്ടാളിയായ തുഷാര്‍ വെള്ളാപ്പള്ളി യെ രക്ഷിക്കണം എന്ന് പറഞ്ഞു കത്തെഴുതിയ ആളാണ് താങ്കള്‍ .ചിലപ്പോള്‍ അത് മതില്‍ പണിക്ക് കൂട്ടുനിന്ന ആളുടെ മകനോടുള്ള ദയാവായ്പ് ആയിരിക്കാം .അതിലും പ്രധാനപ്പെട്ടതല്ലേ സാര്‍ അങ്ങയുടെ പാര്‍ട്ടിക്ക് വേണ്ടി ജയ് വിളിച്ചു നടക്കുന്ന രണ്ട് കുട്ടികളുടെ കാര്യം ?
പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോള്‍ ഞായം പറഞ്ഞു ആശ്രിതരുടെ കൈയ്യടി വാങ്ങിയെങ്കിലും സൂര്യന്‍ അസ്തമിക്കും മുന്‍പേ കുട്ടികളെ തിരിച്ചു തരൂ എന്ന് മൂപ്പര്‍ അമിത് ഷായ്ക്ക് കത്തെഴുതി .
അലനെയും താഹയെയും NIA വിട്ടു തരും എന്ന് കത്തെഴുതിയ ആള്‍ക്ക് പോലും ഉറപ്പുണ്ടാവില്ല പക്ഷെ പേടിച്ചു പോയ സ്വന്തം പാര്‍ട്ടിയിലെ കുട്ടികളുടെ കണ്ണില്‍ പൊടിയിടാന്‍ ഇത് കൊണ്ട് സാധിക്കും .
എന്തായാലും മുഖ്യമന്ത്രിയെ മുട്ട് കുത്തിച്ച പ്രതിപക്ഷത്തിന്റെ നിശ്ചയ നും ജനാധിപത്യ ബോധത്തിനും അഭിവാദ്യങ്ങള്‍