കൊച്ചി: സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നടപടികള്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അതു നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം കലൂര്‍ സ്വദേശി ഡോ.ജോണി സിറിയക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്‌കൂള്‍ ബാഗിന്റെ ഭാരം നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സിബിഎസ്.ഇ, വിദ്യാഭ്യാസ അധികൃതര്‍ എന്നിവര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ അതിന്റെ ശരിയായ അര്‍ഥത്തില്‍ നടപ്പാക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് നോട്ടീസ് നല്‍കിയും നല്‍കാതെയും ഇടയ്ക്കിടെ പരിശോധന നടത്തണം. കുട്ടികള്‍ക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി ബാഗിന്റെ ഭാരം കുറയ്ക്കാന്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.