കൊല്ലം: വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയ പാതയിലേക്ക് മുട്ടിലിഴഞ്ഞെത്തിയ പിഞ്ചു കുഞ്ഞിന് രക്ഷകരായി മീന്‍ വണ്ടിക്കാര്‍. വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കൊല്ലം പാരിപ്പള്ളിക്ക് സമീപമാണ് സംഭവം. വാഹനങ്ങള്‍ ചീറിപ്പാഞ്ഞെത്തുന്ന റോഡിലേക്ക് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ കുഞ്ഞ് മുട്ടിലിഴഞ്ഞ് എത്തുകയായിരുന്നു. ഈ സമയം അതു വഴി വന്ന മീന്‍വണ്ടിക്കാര്‍ റോഡിനു കുറുകെ വണ്ടി വിലങ്ങനെ നിര്‍ത്തി കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഡ്രൈവര്‍ വണ്ടി നിര്‍ത്തിയപ്പോള്‍ കൂടയുണ്ടായിരുന്ന സഹായി ഓടിയെത്തി കുഞ്ഞിനെ എടുത്തെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മീന്‍ വണ്ടിയുടെ പിന്നാലെ നിരവധി വാഹനങ്ങള്‍ വന്നിരുന്നു. ഡ്രൈവര്‍ മറ്റ് വണ്ടികളെ വണ്ടി വിലങ്ങനെ നിര്‍ത്തി ബ്ലോക്ക് ചെയ്തതു കൊണ്ട് വന്‍ ദുരന്തമാണ് വഴിമാറിയത്. കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മീനുമായി പോകുന്നവരാണ് കുഞ്ഞിനെ രക്ഷിച്ചത്. ദേശീയ പാതയില്‍ നിന്ന് 20 മീറ്റര്‍ ദൂരം മാത്രമുള്ള വീട്ടില്‍ നിന്നാണ് കുഞ്ഞ് റോഡിലേക്ക് എത്തിയത്. സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പുറത്ത് നിന്ന് ബഹളം കേട്ട വീട്ടുകാരും നാട്ടുകാരും അപകടം നടന്നതാകാമെന്നാണ് ആദ്യം കരുതിയത്.