കൊച്ചി: ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന പ്രസ്താവന നടത്തിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയ്ക്ക് വക്കീല്‍ നോട്ടീസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റേഴ്‌സ് അവറിനിടെയായിരുന്നു റിജില്‍ മാക്കുറ്റിയുടെ പരാമര്‍ശം. ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്. അതേസമയം, ഒരു കാരണവശാലും മാപ്പ് പറയില്ലെന്നും പീറ കടലാസിന്റെ വില പോലും നോട്ടീസിന് കല്‍പിക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പ്രതികരിച്ചു.
ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണ് എന്ന വാചകം റിജില്‍ ആവര്‍ത്തിച്ചു. ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീല്‍ നോട്ടീസ്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും പോലും.
ഞാന്‍ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് ഞാന്‍ കല്‍പ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവര്‍ക്കറുടെ അനുയായി അല്ല ഞാന്‍. ഗാന്ധിജിയുടെ അനുയായി ആണ്.ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീല്‍ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാന്‍. എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആര്‍എസ്എസിന് എതിരെ പോരാടും. അതാണ് എന്റെ രാഷ്ട്രീയം. അതാണ് എന്റെ നിലപാട്.എന്ന് റിജില്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 12നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റേഴ്‌സ് അവറിനിടെ റിജില്‍ മാക്കുറ്റിയുടെ പരാമര്‍ശം. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം കെവിഎസ് ഹരിദാസും റിജില്‍ മാക്കുറ്റിയും തമ്മിലുള്ള വാക്‌പോരിനിടെയായിരുന്നു ഇത്. രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയവാദികളാണ് ആര്‍എസ്എസ് എന്ന് റിജില്‍ മാക്കുറ്റി പറയുകയുണ്ടായി. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണ്. ഗുജറാത്തിലടക്കം നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളും കലാപവുമുണ്ടാക്കിയ സംഘടനയാണ്. അതുപോലൊരു വര്‍ഗീയ സംഘടന ലോകത്ത് വേറെയുണ്ടോയെന്നും റിജില്‍ ചോദിച്ചു. ആര്‍എസ്എസ് ആണ് ഗാന്ധിയെ കൊന്നതെന്ന് ഒന്നു കൂടി ആവര്‍ത്തിക്കാന്‍ ബിജെപി നേതാവ് വെല്ലുവിളിച്ചു. ആയിരം തവണ ആവര്‍ത്തിക്കുമെന്നായിരുന്നു റിജിലിന്റെ മറുപടി.