കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഈ വര്‍ഷം ഇതുവരെ പിടിച്ചത് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത് 184 കിലോയിലേറെ സ്വര്‍ണം. 87 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 11 പേരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 20 ലക്ഷം രൂപയുടെ മുകളില്‍ മൂല്യമുള്ള സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവരുന്നവരെ മാത്രമാണ് അറസ്റ്റ് ചെയ്യാറുള്ളൂ. അതിന് താഴെയുള്ള കള്ളക്കടത്തിന് നികുതിയും പിഴയുമാണ് ചുമത്തുക. കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ചിലത് ഇവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്യും. 50 ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള കള്ളക്കടത്താണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് തുടരന്വേഷണം നടത്താറുള്ളത്.
സാധാരണയായി നികുതിവെട്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണത്തിന് നിലവില്‍ നല്‍കേണ്ടതായ നികുതിയുടെ അഞ്ച് ഇരട്ടിവരെ പിഴ ചുമത്താം. സ്വര്‍ണത്തിന് പുറമേ സ്വര്‍ണം കൊണ്ടുവരുന്നയാള്‍ക്കും പിഴ ചുമത്തും. പിഴ അടക്കാതിരുന്നാല്‍ ഇവരുടെ സ്വത്തുവക കണ്ടുകെട്ടാനും കസ്റ്റംസിന് അധികാരമുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നതിനനുസരിച്ച് കള്ളക്കടത്ത് വര്‍ധിച്ചുവരുകയാണ്. ഒരുകിലോ സ്വര്‍ണം നികുതിവെട്ടിച്ച് ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ മൂന്നുലക്ഷം രൂപക്ക് മുകളില്‍ ലാഭമുണ്ട്. ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചാല്‍ തിരിച്ചറിയാനുള്ള അത്യാധുനിക ഉപകരണങ്ങളും മറ്റും കസ്റ്റംസ് വിഭാഗത്തിനുണ്ട്. എന്നാല്‍, സംശയം തോന്നുന്നവരെ മാത്രമാണ് കര്‍ശന ദേഹപരിശോധനക്ക് വിധേയരാക്കാറുള്ളൂ.