കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നു വീണുപരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ കുമാരിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കുമാരി മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുമാരിയുടെ സേലത്തുള്ള ബന്ധുക്കളോട് ഉടന്‍ കൊച്ചിയിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടുണ്ട്.
സംഭവത്തില്‍ അസ്വാഭാവികമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഫ്‌ളാറ്റിലെ താമസക്കാരുടെ മൊഴി എടുക്കല്‍ തുടരുകയാണ്. മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ എട്ടിനാണ് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് സേലം സ്വദേശിനി കുമാരി (55) ക്ക് പരിക്കേറ്റത്. കാര്‍പോര്‍ച്ചിന്റെ മുകളില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു ഇവര്‍. ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് രണ്ട് സാരികള്‍ കൂട്ടിക്കെട്ടിയതായും കണ്ടെത്തിയിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് സാരി വഴി ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്നാണ് കരുതുന്നത്.
എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. സാധാരണ വഴിയിലൂടെ രക്ഷപ്പെടാമെന്നിരിക്കെ എന്തിനാണ് ഇത്തരത്തില്‍ സാഹസികമായി താഴേക്കിറങ്ങാന്‍ ശ്രമിച്ചതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പുറത്തേക്ക് പോകാനാകാത്ത വിധം ഇവര്‍ ഫ്‌ളാറ്റില്‍ അകപ്പെട്ടുപോവുകയും, പിന്നീട് എങ്ങനെയെങ്കിലും പുറത്തുകടക്കാനായി ഈ മാര്‍ഗം സ്വീകരിച്ചതായിരിക്കാമെന്നുമാണ് കരുതുന്നത്.