കൊച്ചി:സ്വർണക്കടത്തുകേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ബിനാമി സ്വത്തുകള്‍ കണ്ടെത്താനൊരുങ്ങി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. കമ്മീഷനായി ലഭിക്കുന്ന തുക എവിടെ നിക്ഷേപിക്കുന്നു എന്ന് കണ്ടെത്താനാണ് നീക്കം.കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ യുണിടാക്ക് എംഡി സന്തോഷ് ഈപ്പനില്‍ നിന്നും ലൈഫ് മിഷന് സിഇഒ യു.വി ജോസില്‍ നിന്നും പദ്ധതി ചോര്‍ന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ചോദിച്ച് അറിഞ്ഞത്. ഇതിലൂടെ ശിവശങ്കരന് കമ്മീഷന് ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു അന്വേഷണം. നേരത്തെ നാല് കോടി അന്‍പത്തിയെട്ട് ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. ഇത് കൂടാതെ കെഎസ്‌ഇബി ചെയര്‍മാനായിരുന്ന കാലത്ത് ശിവശങ്കരന്‍ നടത്തിയ ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പല രീതിയില്‍ സമ്പാദിച്ച പണം രാജ്യത്തിന് അകത്തും പുറത്തും നിക്ഷേപിച്ചതായിട്ടാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. കോയമ്പത്തൂരില്‍ ജര്‍മന്‍ കമ്പനി നടത്തുന്ന കാറ്റാടി പാടത്തിലും ശിവശങ്കരന്‍ നിക്ഷേപം നടത്തിയോ എന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.
കാറ്റാടി പാടത്ത് നിക്ഷേപം നടത്തുന്നതിനെ കുറിച്ച് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിരുന്നതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ വിദേശത്തെ ബിനാമി ഇടപാടുകളും അന്വേഷണത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം എത്രമാത്രം ഉണ്ടെന്നറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ചിലരെ ഉടന്‍ വിളിച്ച് വരുത്തി ചോദ്യംചെയ്തേക്കും. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ വേണുഗോപാലടക്കമുള്ളവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.