തിരുവനന്തപുരം: പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് മിസോറാം ഗവര്‍ണര്‍ പദവി ലഭിച്ചതിൽ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍.പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ച ഏറ്റവും യോഗ്യമായ പദവിയാണിതെന്നും ഭരണനൈപുണ്യമുള്ള നിയമവിദഗ്ധനാണ് അദ്ദേഹമെന്നും കുമ്മനം പറയുകയുണ്ടായി. അഭിഭാഷകനായ ശ്രീധരന്‍ പിള്ള പ്രവര്‍ത്തന പാരമ്പര്യവും പരിചയവുമുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഈ പദവിക്ക് ഏറ്റവും അര്‍ഹനാണ് അദ്ദേഹമെന്നും കുമ്മനം വ്യക്തമാക്കി.
അധ്യക്ഷ പദവിയില്‍ ശ്രീധരന്‍ പിള്ളയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ പദവി. അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി ഈ നിയമനത്തിന് ബന്ധമില്ലെന്നും അദ്ദേഹത്തിന് അധ്യക്ഷ പദവിയെക്കാൾ ശ്രേഷ്ഠമായ പദവിയാണ് നല്‍കിയിരിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവർണർ സ്ഥാനം പാർട്ടി തീരുമാനമാണെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി. കേരളത്തിനു പുറത്തേക്കു പോകാമോയെന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. മുൻപും ഗവർണറായി പേരു പരിഗണിച്ചിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.