കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം. സ്വപ്നയെ അറസ്റ്റു ചെയ്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം എന്‍ഐഎ കേസിലെ പ്രതിയായ സ്വപ്നയ്ക്ക് കസ്റ്റഡിയില്‍ തുടരേണ്ടിവരും. ജൂലൈ എട്ടിനായിന്നു ബംഗളൂരുവില്‍ നിന്നു സ്വപ്നയെ പിടികൂടിയത്. കേസില്‍ 17 പ്രതികളെയാണ് ഇതുവരെ അറസ്റ്റു ചെയ്തിരുന്നത്. ഇതില്‍ പത്ത് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
അതോടൊപ്പം സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി ഇന്ന് ആവശ്യപ്പെട്ടു. എഫ്‌ഐആറില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടിവരുമെന്നും എന്‍ഐഎ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേസില്‍ കസ്റ്റഡിയിലുള്ള ഏഴു പേരുടെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോഴാണ് കോടതി ഇക്കാര്യം പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. എഫ്‌ഐആറില്‍ പ്രതികള്‍ക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം. കേസ് ഡയറിയില്‍ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ ഏജന്‍സികള്‍ കസ്റ്റംസ്, യുഎപിഎ വകുപ്പുകള്‍ വളരെ ലാഘവത്തോടെ എടുത്ത് കുറ്റം ചുമത്തിയിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ഇത് നികുതി വെട്ടിപ്പ് കേസുകള്‍ ഉള്‍പ്പടെയുള്ളവയെ ഭീകരവാദത്തിന്റെ പട്ടികയിലേക്ക് കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്ന് ചൂണ്ടിക്കാണിച്ചു.
ഇത് അനുവദിക്കരുതെന്ന് അഭ്യര്‍ഥിച്ചപ്പോഴാണ് എന്‍ഐഎ കോടതി അന്വേഷണ സംഘത്തോട് പ്രതികളുടെ എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.