ഉറങ്ങിക്കിടന്ന ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ചുണ്ട് കടിച്ചുപൊട്ടിച്ചു

ഔറംഗബാദ്: മഹാരാഷ്ട്രയില്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ചുണ്ട് കടിച്ചുപൊട്ടിച്ചു. വേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടി ഒച്ചവെച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അക്രമി പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞതായി പോലീസ് പറയുന്നു.

ഔറംഗബാദ് വാഡ്ഗാവ് കൊല്‍ഹതി ഏരിയയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുടുംബത്തോടൊപ്പം രാത്രിയില്‍ ഉറങ്ങുന്നതിനിടെയാണ് ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. താല്‍ക്കാലിക താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ അക്രമി, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഏഴു വയസുകാരിയുടെ അമ്മാവന്റെ മൊബൈല്‍ ഫോണും കവര്‍ന്നിട്ടുണ്ട്.

തുടര്‍ന്ന് സമീപത്തുള്ള പൊതുസ്ഥലത്ത് കൊണ്ടുപോയാണ് ആക്രമിച്ചത്. ഉറക്കത്തിലായിരുന്ന പെണ്‍കുട്ടിയുടെ ചുണ്ട് കടിച്ചുപൊട്ടിക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടി ഒച്ചവെച്ചു. ഇത് കേട്ട് തൊട്ടടുത്ത വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്നാണ് പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ബലാത്സംഗ ശ്രമം നടന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പോലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകല്‍, അതിക്രമം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വാലുജ് പോലീസ് സ്റ്റേഷന്‍ അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിന് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News