അറുപതുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍; കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല, കൊലപാതകമെന്ന് സംശയം

കൊട്ടാരക്കര: ഓയൂരില്‍ അറുപതുകാരിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി പറണ്ടയില്‍ ചരുവിള വീട്ടില്‍ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയാണ് മരിച്ചത്.

സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി കൂടുതല്‍ തെളിവെടുപ്പ് നടത്തി. ബധിരയും മൂകയുമായ സഹോദരി പൊടിച്ചിക്കൊപ്പമായിരുന്നു ശാന്ത താമസിച്ചിരുന്നത്. ആക്രി പെറുക്കി വിറ്റാണു ഇവര്‍ ജീവിച്ചിരുന്നത്.

ശാന്ത രാവിലെ ഉണരാതിരുന്നതിനെത്തുടര്‍ന്ന് സഹോദരി പൊടിച്ചിയാണ് അയല്‍ക്കാരെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം പുനലൂരില്‍ പോയി മടങ്ങിവന്ന ഇവര്‍ക്കൊപ്പം ഒരു തെങ്ങുകയറ്റ തൊഴിലാളിയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

രാത്രി വൈകി ഇവരുടെ വീട്ടില്‍ നിന്നു ബഹളം കേട്ടിരുന്നതായും സമീപവാസികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ കാണാനില്ലാത്തത് ദുരൂഹത ഉയര്‍ത്തിയിരിക്കുകയാണ്. ശാന്തയുടെ മരണം കൊലപാതകമെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News